ശബരിമലയില്‍ എണ്ണി തിട്ടപ്പെടുത്തിയത് 263 കോടി, ദേവസ്വം ബോര്‍ഡിന് ആശ്വാസം

ശബരിമല : മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കുമ്പോഴും കാണിക്ക എണ്ണിത്തീര്‍ന്നിട്ടില്ല. അഞ്ചുകോടിയോളം രൂപയുടെ നാണയങ്ങള്‍ ഇനിയും എണ്ണാനുണ്ട്. ഇതിനായി ഫെബ്രുവരി 5 ന് ഭണ്ഡാരം വീണ്ടും തുറക്കും. ഭണ്ഡാരത്തില്‍ ജീവനക്കാര്‍ കുറവായതിനാലാണ് കാണിക്ക എണ്ണിത്തീരാന്‍ വൈകുന്നത്. പുതിയ ഭണ്ഡാരത്തിലെ സ്ഥലപരിമിതിയും പ്രശ്‌നമായിരുന്നു. തുടര്‍ന്ന് പഴയ ഭണ്ഡാരം കൂടി തുറന്നു. രണ്ട് ഘട്ടങ്ങളിലായി ഇരുനൂറോളം പേരെയും കാണിക്ക എണ്ണുന്നതിനായി നിയമിച്ചു. പക്ഷേ ഇവരില്‍ മിക്കവരും തിരികെപ്പോയി.തിരുപ്പതി മോഡലില്‍ നാണയങ്ങള്‍ തൂക്കി എണ്ണിത്തിട്ടപ്പെടുത്താന്‍ ഇത്തവണ സംവിധാനമുണ്ട്. പക്ഷേ നാണയങ്ങള്‍ തരം തിരിച്ചാലേ ഇത് നടക്കു. 40 ചാക്കോളം കാണിപ്പണവും നെയ്യ്, മഞ്ഞള്‍ എന്നിവ പിടിച്ച 5 പെട്ടി നോട്ടും എണ്ണാന്‍ വേറെയുണ്ട്. ഇത് കാരം ഉപയോഗിച്ച് കഴുകി ഉണക്കിയെടുക്കേണ്ടി വരും. വീണ്ടും ഭണ്ഡാരം തുറന്ന് അടയ്ക്കുന്നത് വരെ ആശുപത്രിയും മെസും മറ്റും പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാല്‍ ബോര്‍ഡിന് സാമ്പത്തിക നഷ്ടവുമുണ്ടാകും. ഇന്നലെ വരെ 263 കോടി രൂപയാണ് ഈ സീസണിലെ തിട്ടപ്പെടുത്തിയ നടവരുമാനം. നാണയം കൂടി എണ്ണുന്നതോടെ ഇത് 268 കോടിയിലെത്തുമെന്ന് കരുതുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍