ഭീതി പരത്തി കൊറോണ പടരുന്നു; മരണം 25

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരില്‍ ഭൂരിപക്ഷവും ഹൂബിയില്‍നിന്നുള്ളവരാണ്. ജപ്പാന്‍ ,യുഎസ്, ദക്ഷിണകൊറിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വുഹാനില്‍ നിന്നു മടങ്ങിയെത്തിയവര്‍ക്കാണു രോഗം പിടിപെട്ടത്. എന്നാല്‍ രാജ്യാന്തരതലത്തില്‍ രോഗബാധ സ്ഥിരീകരിച്ചത് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ്. 12 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാല്‍ ലോകാരോഗ്യ സംഘടന രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. മിക്ക രാജ്യങ്ങളും എയര്‍പോര്‍ട്ടില്‍ സ്‌ക്രീനിംഗ് ശക്തമാക്കി. പുതുവര്‍ഷാഘോഷത്തിനൊരുങ്ങുന്ന
(ലൂണാര്‍ ന്യൂ ഇയര്‍) ചൈന പൊതുപരിപാടികള്‍ റദ്ദാക്കുകയാണ്. ബെയ്ജിംഗും ഹോങ്കോഗും ആളുകള്‍ ഒത്തുചേരുന്നത് തടയാന്‍ പലപ്രധാന പരിപാടികളും ഒഴിവാക്കി. പുതുവത്സരം പ്രമാണിച്ചുള്ള ആഘോഷ പരിപാടികള്‍ ബെയ്ജിംഗ് മുനിസിപ്പല്‍ ബ്യൂറോ റദ്ദാക്കി. ബെ യ്ജിംഗില്‍ പുരാതന കൊട്ടാര സമുച്ചയം സ്ഥിതിചെയ്യുന്ന ഫോര്‍ബിഡന്‍ സിറ്റി(നിരോധിത നഗരം) ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല. രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യം രോഗബാധ റിപ്പോര്‍ട്ടു ചെയ്ത വുഹാനു പുറമേ ഹുവാംഗ്ഗാങ്, എഴു എന്നീ നഗരങ്ങളി ലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി. വുഹാനു ചുറ്റുമുള്ള ഹൈവേ ടോളുകള്‍ അടച്ചതോടെ റോഡ് ഗതാഗതം നിലച്ചു. വിമാന സര്‍വീസുകളും ട്രെയിന്‍ സ ര്‍വീസുകളും നിര്‍ത്തിവച്ചു. മൂന്നു നഗരങ്ങളിലുംകൂടി രണ്ടുകോടി ജനങ്ങളാണുള്ളത്. ഇവര്‍ പ്രായേണ ഒറ്റപ്പെട്ട നിലയിലാണ്. വിലക്ക് വരുന്നതിനു മുമ്പ് നിരവധി പേര്‍ പലായനം ചെയ്തിരുന്നു. വുഹാനിലുള്ള ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ കുറേപ്പേര്‍ പരീക്ഷ കഴിഞ്ഞതിനെത്തുടര്‍ന്നു നേരത്തെ നാട്ടി ലേക്കു മടങ്ങുകയുണ്ടായി അതിനിടെ ജപ്പാനില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു. വുഹാനില്‍ നിന്നുമെത്തിയ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ താമസിക്കുന്ന നാല്‍പതുകാരന്‍ കഴിഞ്ഞ 19 ന് ആണ് ജപ്പാനില്‍ എത്തിയതെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ചൈനയില്‍നിന്നു പുറപ്പെടുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് പനിബാധിച്ചിരുന്നു. എന്നാല്‍ ജപ്പാനിലേക്കുവരുമ്പോള്‍ ആരോഗ്യം വീണ്ടെടുത്തിരുന്നതായി രോഗബാധിതനായ ആള്‍ പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ ടോക്കിയോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.രോഗബാധ പൊട്ടിപ്പുറപ്പെട്ടെന്നു പറയപ്പെടുന്ന വുഹാനിലെ മാര്‍ക്കറ്റ് സന്ദര്‍ശിച്ചിട്ടില്ലെന്നാണ് ഇയാള്‍ അറിയിച്ചിരിക്കുന്നത്. ജപ്പാനിലേക്കുള്ള യാത്രാ വേളയില്‍ മെഡിക്കല്‍ മാസ്‌ക് ധരിച്ചിരുന്നതായും ഇയാള്‍ മെഡിക്കല്‍ സംഘത്തെ അറിയിച്ചു. രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍