ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി

ബെയ്ജിംഗ്: ലോകത്താകമാനം ഭീതിപരത്തി പടര്‍ന്നു പിടിക്കുന്ന കൊറോണ ചൈനയില്‍ മരണതാണ്ഡവമാടുന്നു. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി. ഇന്ന് പുലര്‍ച്ചെ മാത്രം 43 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. ഇവിടെ ഇതുവരെ 204 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,000 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9,800 ആയി ഉയര്‍ന്നു. ചൈനയ്ക്കുപുറത്ത് 18 രാജ്യങ്ങളിലായി 98 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തിബത്തിലും സ്ഥിരീകരിച്ചതോടെ ചൈനയുടെ എല്ലാ പ്രവിശ്യകളേയും കൊറോണ തൊട്ടു. ഇതിനിടെ കൊറോണ വൈറസിന്റെ വ്യാപനത്തെ നേരിടാന്‍ ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകം മുഴുവന്‍ ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും രാജ്യങ്ങള്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. വൈറസ് പടരുന്നതിനെ തുടര്‍ന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഒരാഴ്ച മുന്‍പു തന്നെ ആവശ്യമുയര്‍ന്നിരുന്നു.
അതിനിടെ അമേരിക്കയില്‍ ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് കൊറോണ വൈറസ് ബാധിച്ചു. ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിക്കാഗോയില്‍ ഭാര്യയില്‍ നിന്ന് ഭര്‍ത്താവിനാണ് കൊറോണ ബാധിച്ചത്. വുഹാനില്‍നിന്നും കൊറോണ വൈറസ് ബാധിച്ച് നാട്ടിലെത്തിയ ചിക്കാഗോ സ്വദേശിയായ സ്ത്രീയുടെ അറുപതുകാരനായ ഭര്‍ത്താവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ നില തൃപ്തികരമാണെന്ന് ചിക്കാഗോ ആരോഗ്യ വിഭാഗം അറിയിച്ചു. ഭാര്യ ചിക്കാഗോയിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. പിതാവിനെ പരിചരിക്കാനായാണ് ഇവര്‍ വുഹാനില്‍ പോയത്. ഇല്ലിനോയിസില്‍ കൊറോണ രണ്ടു പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 21 പേര്‍ നിരീക്ഷണത്തിലുമുണ്ട്. യുഎസില്‍ ആകെ ആറു പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 165 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യ വിഭാഗം പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍