രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേട്ടത്തില്‍ വിരാട് കോഹ്‌ലി

 2020ലെ ആദ്യ മത്സരത്തില്‍തന്നെ ഇന്ത്യന്‍ നായകന്‍ രണ്ട് റിക്കാര്‍ഡ് കുറിച്ചത് ആരാധകരെ സന്തോഷത്തിലെത്തിച്ചു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 17 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടിയ വിരാട് കോഹ്‌ലി അന്താരാഷ ട്വന്റി20യില്‍ വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റനെന്ന റിക്കാര്‍ഡ് കുറിച്ചു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിയുടെ പേരിലായിരുന്ന റിക്കാര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. 30ാം ഇന്നിംഗ്‌സിലാണ് കോഹ്ലി 1000 കടന്നത്. ലങ്കയ്‌ക്കെതിരേ 24 റണ്‍സ് നേടിയപ്പോഴായിരുന്നു അത്. ഡുപ്ലസിയുടെ ക്യാപ്റ്റനായുള്ള 1000 റണ്‍സ് നേട്ടം 31 ഇന്നിംഗ്‌സിലായിരുന്നു. രാജ്യാന്തര ട്വന്റി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനുമായി കോഹ്‌ലി. എം.എസ്. ധോണിയാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയത്. 57 ഇന്നിംഗ്‌സില്‍നിന്നായിരുന്നു ധോണിയുടെ 1000. രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കി. സഹതാരമായ രോഹിത് ശര്‍മയെ പിന്തള്ളിയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍ നേടിയപ്പോളായിരുന്നു അത്. ഇരുവരും 2633 റണ്‍സിലായിരുന്നു 2019 അവസാനിപ്പിച്ചത്. ഇന്‍ഡോറില്‍ 30 റണ്‍സ് എടുത്തതോടെ കോഹ്‌ലിയുടെ സമ്പാദ്യം 2663 ആയി. ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.71 ഇന്നിംഗ്‌സില്‍ നിന്നാണ് കോഹ്‌ലിയുടെ 2663 റണ്‍സ്. ഒരു സെഞ്ചുറിപോലും ഇതുവരെയില്ല എന്നതും ശ്രദ്ധേയം. എന്നാല്‍, 96 ഇന്നിംഗ്‌സില്‍നിന്ന് നാല് സെഞ്ചുറിയുള്‍പ്പെടെയാണ് രോഹിത് 2633 റണ്‍സ് നേടിയത്.അതിനിടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പുതുവര്‍ഷത്തിലും ഒന്നാം സ്ഥാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കുതന്നെ. 928 റേറ്റിംഗ് പോയിന്റുമായാണ് കോഹ്‌ലി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 911 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. അതേസമയം, മിന്നും ഫോമിലുള്ള ഓസീസ് താരം മാര്‍നസ് ലബൂഷെയ്ന്‍ (827) മൂന്നാം സ്ഥാനത്ത് എത്തി. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ (814) നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ലബൂഷെയ്‌ന്റെ നേട്ടം. അതേസമയം, ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അഞ്ചാം സ്ഥാനത്തെത്തി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഒമ്പതിലാണ്. ജോ റൂട്ട് എട്ടിലും ബെന്‍ സ്റ്റോക്‌സ് 10ലും എത്തി. ബൗളിംഗ് റാങ്കിംഗില്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്‌നറാണ് രണ്ടാം സ്ഥാനത്ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍