അക്ഷരശ്രീ: 19 മുതല്‍ 90 വരെ പ്രായമുള്ളവര്‍ നാലാംതരം പരീക്ഷ എഴുതി

തിരുവനന്തപുരം: സാക്ഷരതാമിഷനും നഗരസഭയും ചേര്‍ന്ന് നടത്തുന്ന അക്ഷരശ്രീ പദ്ധതിയില്‍ 113 പഠനകേന്ദ്രങ്ങളിലായി 2235 പേര്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതി. 19 മുതല്‍ 90 വരെ പ്രായമുള്ളവര്‍ പരീക്ഷയെഴുതിയവരിലുണ്ട്. തൃക്കണ്ണാപുരത്ത് പരീക്ഷയെഴുതിയ സരസമ്മ (90) യാണ് ഏറ്റവും പ്രായം കൂടിയ പരീക്ഷാര്‍ഥി. കുന്നപ്പുഴയിലെ സ്വപ്‌നക്കൂട് അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് സരസമ്മ. പെരുന്താന്നിയില്‍ പരീക്ഷയെഴുതിയ തസ്ലീമ (19)യാണ് ഏറ്റവും പ്രായം കുറഞ്ഞത്. നാലാംതരം തുല്യതയ്ക്ക് മലയാളം, നമ്മളും നമുക്ക് ചുറ്റും, ഇംഗ്ലീഷ്, ഗണിതം എന്നിങ്ങനെ നാല് വിഷയങ്ങളാണുള്ളത്. ഇതില്‍ ഇംഗ്ലീഷിന് 50 മാര്‍ക്കും മറ്റു വിഷയങ്ങള്‍ക്ക് 75 എന്നിങ്ങനെ മൊത്തം 275 ആണ് മൊത്തം മാര്‍ക്ക്. ഇംഗ്ലീഷിന് 15, മറ്റ് വിഷയങ്ങളില്‍ 30 എന്നിങ്ങനെയാണ് ജയിക്കാനുള്ള മിനിമം മാര്‍ക്ക്. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം വാര്‍ഡുകളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ വി.കെ.പ്രശാന്ത് എംഎല്‍എ സന്ദര്‍ശിച്ചു. ജനപ്രതിനിധികള്‍, സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. നഗരത്തിലെ 100 വാര്‍ഡുകളിലായി സാക്ഷരത മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയാണ് അക്ഷരശ്രീ. ഇതില്‍ മൊത്തം 2747 പേര്‍ നേരത്തെ സാക്ഷരതാ പരീക്ഷയെഴുതിയിരുന്നു. 653 പേര്‍ പത്താംതരവും 655 പേര്‍ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷകളെഴുതി. ഏഴാംതരം പരീക്ഷ ഈ മാസം 18 ന് നടക്കും. പദ്ധതിയുടെ ഭാഗമായി 2018 സെപ്റ്റംബറില്‍ നടത്തിയ സര്‍വേയില്‍ നഗരത്തിലെ നൂറ് വാര്‍ഡുകളിലായി മൊത്തം 11,764 നിരക്ഷരരെ കണ്ടെത്തിയിരുന്നു. നാലാംതരം ജയിക്കാത്തവര്‍ 12,979, ഏഴാംതരം ജയിക്കാത്തവര്‍ 22,999, പത്താംതരം ജയിക്കാത്തവര്‍ 45,208, ഹയര്‍സെക്കന്‍ഡറി പാസാകാത്തവര്‍ 39,479 എന്നിങ്ങനെയാണ് കണക്ക്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍