ഇന്റര്‍പോള്‍ മുന്‍ മേധാവിക്ക് ചൈനയില്‍ 13 വര്‍ഷം തടവ്

ബെയ്ജിംഗ്: ഫ്രാന്‍സിലെ ലിയോണ്‍ ആസ്ഥാനമായുള്ള രാജ്യാന്തര പോലീസ് സംഘടന ഇന്റര്‍പോളിന്റെ മുന്‍ മേധാവി മെംഗ് ഹോങ്‌വെയെ അഴിമതിക്കേസില്‍ ചൈനീസ് കോടതി പതിമൂന്നര വര്‍ഷം തടവിനു ശിക്ഷിച്ചു. 290,000 ഡോളര്‍ പിഴയുമിട്ടു. ചൈനയുടെ നോമിനിയായി ഇന്റര്‍പോളിന്റെ തലപ്പത്ത് നിയമിതനായ മെംഗ് നേരത്തെ സുരക്ഷാവകുപ്പ് ഉപമന്ത്രിയായിരുന്നു. 2018ല്‍ ചൈനയില്‍ എത്തിയ അദ്ദേഹത്തെപ്പറ്റി ഏറെ നാളത്തേക്ക് വിവരമില്ലായിരുന്നു. അഴിമതിക്കേസില്‍ മെംഗിനെ കസ്റ്റഡിയിലെടുത്തെന്ന് ചൈന പിന്നീട് സ്ഥിരീകരിച്ചു. മെംഗിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നു ഭാര്യ ഗ്രേസ് ആരോപിച്ചു. ഗ്രേസിനു ഫ്രാന്‍സ് അഭയം അനുവദിച്ചു. ഔദ്യോഗിക പദവി ദുരുപയോഗിച്ച് മെംഗ് വ്യക്തികള്‍ക്കും കമ്പനികള്‍ക്കും അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയെന്നും ഇതിനായി വന്‍തുക കോഴ കൈപ്പറ്റിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ടിയാന്‍ജിനിലെ ഫസ്റ്റ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയാണ് മെംഗിനെതിരേ വിധി പുറപ്പെടുവിച്ചതെന്നു സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി അറിയിച്ചു. മെംഗ് കോടതിയില്‍ കുറ്റം സമ്മതിച്ചെന്നും അപ്പീല്‍ നല്‍കില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. അറസ്റ്റിലായ ഉടന്‍ മെംഗിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഷി ചിന്‍ പിംഗ് 2012ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വമേറ്റെടുത്തതിനെത്തുടര്‍ന്ന് അഴിമതിക്കെതിരേ ചൈന സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം പത്തുലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എതിരേ നടപടി എടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍