മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ : 125 കോടിയുടെ ഇന്‍ഷ്വറന്‍സ് ആവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി: മരടില്‍ ഫ്‌ളാറ്റ് പൊളിക്കുമ്‌ബോള്‍ സമീപത്തുള്ള തങ്ങളുടെ ഫ്‌ളാറ്റിന് നാശനഷ്ടമുണ്ടാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് 125 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസി എടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹീര കണ്‍സ്ട്രക്ഷന്‍സ് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇന്ന് പരിഗണിച്ചേക്കും. നിയമവിരുദ്ധമായി നിര്‍മ്മിച്ച ഗോള്‍ഡന്‍ കായലോരം ഉള്‍പ്പെടെ നാലു ഫ്‌ളാറ്റുകള്‍ ജനുവരി 11,12 തീയതികളിലാണ് പൊളിക്കുന്നത്. ഇവയില്‍ ഗോള്‍ഡന്‍ കായലോരത്തിനു സമീപത്താണ് ഹര്‍ജിക്കാരുടെ ഹീര വിന്‍ഡ് ഫെയര്‍ എന്ന ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഈ ഫ്‌ളാറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫിനിഷിംഗ് ജോലികള്‍ നടന്നുവരികയാണെന്നും ഫ്‌ളാറ്റിലെ 95 അപ്പാര്‍ട്ട്‌മെന്റുകളില്‍ 80 ശതമാനവും വിറ്റുകഴിഞ്ഞെന്നും ഹര്‍ജിയില്‍ പറയുന്നു. ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് തകര്‍ക്കുമ്പോള്‍ തങ്ങളുടെ ഫ്‌ളാറ്റിന് നാശനഷ്ടമുണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. 95 കോടി രൂപ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി ഇതുവരെ ചെലവിട്ടു. നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പണം നല്‍കാന്‍ സര്‍ക്കാര്‍ 50 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസി മാത്രമാണ് എടുത്തിട്ടുള്ളത്. ഇതു മതിയാവില്ല. ഹീരയുടെ ഫ്‌ളാറ്റിന് 125 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസി വേണമെന്നും ഇതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തുള്ള കെട്ടിടങ്ങളുടെ നാശനഷ്ടങ്ങളുണ്ടാവാനുള്ള സാദ്ധ്യത പരിശോധിക്കാന്‍ ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ ഹര്‍ജിക്കാരുടെ ഫ്‌ളാറ്റില്‍ എത്തിയിരുന്നെങ്കിലും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടിയെടുത്തില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍