ദേശീയ തൊഴിലുറപ്പ് പദ്ധതി; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാനുള്ളത് 10,000 കോടി

ന്യൂഡല്‍ഹി:ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു വേണ്ടി കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ തുകയുടെ 96 ശതമാനവും ചെലവഴിച്ചു കഴിഞ്ഞിട്ടും 10,000 കോടിയെങ്കിലും ഈ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാറിന് കുടിശ്ശികയുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. 15 സംസ്ഥാനങ്ങള്‍ക്കാണ് പണം കൊടുക്കാന്‍ ബാക്കിയുള്ളത്.2018- 19 സാമ്പത്തിക വര്‍ഷത്തിലെ ചെലവുമായി തട്ടിച്ചു നോക്കുമ്പോള്‍ 1084 കോടി രൂപ കുറവാണ് നിര്‍മ്മലാ സീതാരാമന്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ തൊഴിലുറപ്പ് പദ്ധതിക്കായി ബജറ്റില്‍ നീക്കിവെച്ച വിഹിതം. അതേസമയം 7568 കോടിയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഈ കുടിശ്ശിക വര്‍ധിച്ചു വന്നതാണ് ഇപ്പോഴത്തെ ചിത്രം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഗ്രാമീണ മേഖലയിലെ സമ്പദ് വ്യവസ്ഥയും കാര്‍ഷിക വരുമാനവും കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി ജനങ്ങളുടെ പ്രധാന ആശ്രയമായി മാറുന്നതായിരുന്നു കാണാനുണ്ടായിരുന്നത്. 15 ദിവസത്തിനകം തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ വ്യവസ്ഥയുള്ള പദ്ധയില്‍ പക്ഷെ 15 സംസ്ഥാനങ്ങളാണ് കേന്ദ്ര വിഹിതത്തിനായി കാത്തുകെട്ടിക്കിടക്കുന്നത്. കൂലിയും തൊഴിലുപകരണങ്ങളും ചേര്‍ത്താണ് രാജസ്ഥാന് 2000ത്തോളം കോടി നല്‍കാനുള്ളത്. യു.പിക്ക് കൂലിയിനത്തില്‍ മാത്രം 323 കോടി കുടിശ്ശികയുണ്ട്. 300 കോടി വരെ നല്‍കാനുള്ള ഗുജറാത്ത്, ഒഡീഷ, ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ മുതലായ സംസ്ഥാനങ്ങളുണ്ട്.
നിലവില്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് മാറ്റമുണ്ടാകണമെങ്കില്‍ ഗ്രാമീമ മേഖലയിലെ ക്രയശേഷി വര്‍ധിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന മുറവിളി ശക്തമാകുന്നതിനിടെയാണ് സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ വെറും നാല് ശതമാനം മാത്രം പദ്ധതി വിഹിതവുമായി സര്‍ക്കാര്‍ അടുത്ത ബജറ്റിനൊരുങ്ങുന്നത്. പിയൂഷ് ഗോയല്‍ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനേക്കാള്‍ നിര്‍മ്മലാ സീതാരാമന്‍ കൂടുതല്‍ തുക വകയിരുത്തിയെങ്കിലും 25,000 കോടിയെങ്കിലും തൊഴിലുറപ്പ് പദ്ധതിക്കായി ഇത്തവണ കൂടുതലായി കണ്ടെത്തേണ്ടി വരുമെന്നാണ് മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍