കെ ഫോണ്‍ പദ്ധതി : ആദ്യഘട്ടത്തില്‍ മൂന്നുമാസത്തിനകം നല്‍കുന്നത് 10000 സൗജന്യ കണക്ഷനുകള്‍

മലപ്പുറം: അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്ന കെഫോണ്‍ (കേരള ഫൈബര്‍ ഒപ്ടിക് നെറ്റ്‌വര്‍ക്ക്) പദ്ധതിയുടെ ആദ്യഘട്ടമായി മൂന്ന് മാസത്തിനകം 10,000 സൗജന്യ കണക്ഷനുകള്‍ നല്‍കും. ജില്ലകളെ ബന്ധിപ്പിക്കുന്ന കോര്‍ നെറ്റ്‌വര്‍ക്ക് പോവുന്ന ഇടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് കണക്ഷനുകള്‍ നല്‍കുക. ഡിസംബറില്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതോടെ 30,000ത്തോളം സര്‍ക്കാര്‍ ഓഫീസുകളടക്കം ഹൈസ്പീഡ് ഇന്റര്‍നെറ്റിന് കീഴിലാകും. 20 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് നല്‍കും. സര്‍വീസ് പ്രൊവൈഡര്‍മാരെ ആറു മാസത്തിനകം തിരഞ്ഞെടുക്കും.
തിരുവനന്തപുരം, പരുത്തിപ്പാറ സബ്‌സ്റ്റേഷന്‍ മുതല്‍ പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ടെക്‌നോ പാര്‍ക്കിലെ ഓഫീസ് വരെ പൈലറ്റ് കേബിളിംഗ് പുരോഗമിക്കുകയാണ്. കെ.എസ്.ഇ.ബിയുടെ ഹൈടെന്‍ഷന്‍ പ്രസ രണ ലൈനിലൂടെയാണ് കേബിളിടുന്നത്. സബ് സ്റ്റേഷനുകള്‍ വരെ ഇത്തരം ലൈനുകളിലൂടെയും അവിടെ നിന്ന് പോസ്റ്റുകളിലൂടെയും ഓഫീസുകളിലും വീടുകളിലും കണക്ഷനെത്തിക്കും. സബ് സ്റ്റേഷനുകളില്‍ സാങ്കേതിക ഉപകരണങ്ങളും കേബിളും സ്ഥാപിക്കാനുള്ള പ്രീഫാബ് കേന്ദ്രങ്ങളുടെ നിര്‍മ്മാണവും തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍