എസ്.ബി.ഐ എ.ടി.എമ്മില്‍ ഇനി ഒ.ടി.പി ചോദിക്കും, പദ്ധതി ജനുവരി ഒന്നുമുതല്‍

 കൊച്ചി: എ.ടി.എം ഇടപാടുകള്‍ സുരക്ഷിതമാക്കാനായി എസ്.ബി.ഐ, വണ്‍ടൈം പാസ്‌വേഡ് (ഒ.ടി.പി) സംവിധാനം നടപ്പാക്കുന്നു. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ നടക്കുന്ന 10,000 രൂപയ്ക്കുമേലുള്ള പണം പിന്‍വലിക്കല്‍ ഇടപാടുകള്‍ക്ക് എസ്.ബി.ഐയുടെ എല്ലാ എ.ടി.എമ്മുകളിലും ജനുവരി ഒന്നുമുതല്‍ ഒ.ടി.പി സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ട്വീറ്റിലൂടെ ബാങ്ക് വ്യക്തമാക്കി.എ.ടി.എം കാര്‍ഡ് മോഷണം, ഡ്യൂപ്‌ളിക്കേഷന്‍, പിന്‍ നമ്പര്‍ അനധികൃതമായി തട്ടിയെടുക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഉപഭോക്താവറിയാതെ എ.ടി.എമ്മുകളില്‍ നിന്ന് പണം തട്ടുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊബൈലിലേക്ക് പണം പിന്‍വലിക്കപ്പെട്ടതായ സന്ദേശം ലഭിക്കുമ്പോള്‍ മാത്രമാണ് വഞ്ചിക്കപ്പെട്ട വിവരം ഉപഭോക്താവ് അറിയുക. ഒ.ടി.പി സംവിധാനം നടപ്പാകുന്നതോടെ ഇത്തരം തട്ടിപ്പുകള്‍ ഒഴിവാകും. എസ്.ബി.ഐ ഉപഭോക്താവ് മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുമ്പോഴോ, മറ്റ് ബാങ്ക് ഉപഭോക്താക്കള്‍ എസ്.ബി.ഐ എ.ടി.എം ഉപയോഗിക്കുമ്‌ബോഴോ ഈ സേവനം ലഭിക്കില്ല. ജനുവരി ഒന്നുമുതല്‍ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ മാത്രം. 10,000 രൂപയ്ക്കുമേല്‍ പണം പിന്‍വലിക്കുമ്പോള്‍ ഒ.ടി.പി ലഭിക്കും. ഈ സേവനം ലഭിക്കാന്‍ ഉപഭോക്താവ് പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍