അയോധ്യ പുനപരിശോധനാ ഹര്‍ജിയില്‍ രാജീവ് ധവാന്‍ പുറത്ത്

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസ് വിധിക്കെതിരെ മുസ്‌ലിം കക്ഷികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി. ജമിയത് ഉലമ ഇ ഹിന്ദ് നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ ഹാജരാകുന്നതില്‍നിന്നാണ് രാജീവ് ധവാനെ ഒഴിവാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ രാജീവ് ധവാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്നെ മാറ്റിയതില്‍ ആശങ്ക അറിയിച്ചും തീരുമാനം അംഗീകരിച്ചും ജമിയത് ഉലമ ഇ ഹിന്ദിന് കത്ത് അയച്ചിട്ടുണ്ട്. അനാരോഗ്യം മൂലമാണ് കേസില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കിയതെന്ന വിശദീകരണം തെറ്റാണ്. ഇത് തികച്ചും അസംബന്ധമാണെന്നും ധവാന്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് അയോധ്യ വിധിക്കെതിരെ ജമിയത് ഉലമ ഇ ഹിന്ദ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. കേസിലെ മുഖ്യ കക്ഷികളിലൊരാളായിരുന്ന അന്തരിച്ച എം. സിദ്ദിഖിന്റെ പ്രതിനിധിയും ജമിയത് ഉലമ ഇ ഹിന്ദ് അധ്യക്ഷനുമായ മൗലാനാ സയിദ് ആഷാദ് റഷീദിയാണു ഹര്‍ജിക്കാരന്‍. വിധിയിലെ മുഴുവന്‍ കാര്യങ്ങളോടും എതിര്‍പ്പില്ല. എന്നാല്‍, ചില കാര്യങ്ങളില്‍ കോടതിക്കു വ്യക്തമായ പിഴവ് സംഭവിച്ചിട്ടുണ്ട്. ഹിന്ദുകക്ഷികള്‍ നടത്തിയ നിയമലംഘനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടും അവര്‍ക്കനുകൂലമായാണ് വിധി നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍