അയോദ്ധ്യയില്‍ ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്, ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അയോദ്ധ്യ നഗരത്തില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളത്. അയോദ്ധ്യയിലെ വിവിധയിടങ്ങളില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സോഷ്യല്‍മീഡിയയായ ടെലഗ്രാമിലൂടെയാണ് മസൂദ് അസര്‍ ആക്രമണ സന്ദേശം നല്‍കിയത്. ഇന്ത്യന്‍ മണ്ണില്‍ ഞെട്ടിപ്പിക്കുന്ന ആക്രമണം നടത്തണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞ മാസം നേപ്പാള്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് ഏഴോളം ഭീകരര്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍, അയോദ്ധ്യ എന്നിവിടങ്ങളില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്നുമാണ് നിഗമനം.ഇവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബു ഹംസ, മുഹമ്മദ് യാക്കൂബ്, നിസാര്‍ അഹമദ്, മുഹമ്മദ് ഷഹ്ബാസ്, മുഹമ്മദ് ഖ്വാമി ചൗധരി എന്നിവരാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരുടെ കൈയില്‍ വലിയ ആയുധശേഖരമുണ്ടെന്നും പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍