പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം സുസ്മിത സെന്‍ വെള്ളിത്തിരയിലേക്ക്

 പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം മുന്‍ വിശ്വസുന്ദരി കൂടിയായ സുസ്മിത സെന്‍ സിനി
മാരംഗത്തേക്ക് തിരിച്ചെത്തുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സുസ്മിത തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ജനാലക്കരികിലായി പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പ്രഖ്യാപനം. സെക്കന്‍ഡ് ഇന്നിങ്‌സ് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. ''ക്ഷമയോടുള്ള സ്‌നേഹത്തെ ഞാന്‍ ആദരിക്കുന്നു. അത് മാത്രമാണ് എന്റെ ആരാധകരുടെ ആരാധികയാക്കി എന്നെ മാറ്റിയത്. സിനിമയിലേക്കുള്ള എന്റെ തിരിച്ചുവരവിന് അവര്‍ കാത്തിരുന്നത് നീണ്ട പത്ത് വര്‍ഷങ്ങളാണ്. എന്റെ ഇടവേളയിലുടനീളം ഓരോ ഘട്ടത്തിലും അവരെന്നെ സ്‌നേഹപൂര്‍വ്വം പ്രോത്സാഹിപ്പിക്കുന്നു. അവര്‍ക്കു വേണ്ടി ഞാന്‍ തിരിച്ചുവരുന്നു. ഐ ലവ് യു ഗയ്‌സ്' സുസ്മിത കുറിച്ചു. 1994ലാണ് സുസ്മിതക്ക് വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്നത്. ഈ നേട്ടത്തിന് പിന്നാലെയാണ് സുഷിന് ബോളിവുഡിലേക്ക് ക്ഷണം ലഭിക്കുന്നത്. 1996ല്‍ പുറത്തിറങ്ങിയ ദസ്തകിലൂടെ ബി ടൌണിലേക്ക് വണ്ടി കയറിയ സുസ്മിതക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തമിഴ്, ബംഗാളി സിനിമകളിലും അഭിനയിച്ച സുസ്മിതയെ തേടി ഫിലിം ഫെയര്‍ അവാര്‍ഡുമെത്തിയിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ മേന്‍ ഹൂം ന എന്ന ചിത്രമാണ് ഇതുവരെയുള്ള സുസ്മിതയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രം. ഈ സിനിമയില്‍ സുസ്മിത ഷാരൂഖ് ഖാനിന്റെ കാമുകിയായാണ് അഭിനയിച്ചത്. അജയ് ദേവ്ഗണ്‍ നായകനായ മേം ഐസ ഹീ ഹൂം എന്ന സിനിമയില്‍ ഒരു വക്കീലായി സുസ്മിത പിന്നീട് വേഷമിട്ടു. 2005ല്‍ മേനെ പ്യാര്‍ ക്യൂ ഹിയ എന്ന സിനിമയിലെ നായികയും സുസ്മിതയായിരുന്നു.2000ല്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത സുസ്മിത സമൂഹത്തിന്റെയും കയ്യടി നേടി. 2010ല്‍ രണ്ടാമതൊരു പെണ്‍കുട്ടിയെയും കൂടി ദത്തെടുത്തു. മക്കളോടൊപ്പം സമയം ചെലവഴിക്കാനാണ് സുസ്മിത സിനിമക്ക് ഇടവേള കൊടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍