നിത്യാനന്ദ എവിടെയെന്ന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഭുവനേശ്വര്‍: ഇന്ത്യയില്‍ നിന്ന് മുങ്ങി കരീബിയന്‍ ദ്വീപുകളില്‍ കൈലാസമെന്ന പേരില്‍ സ്വന്തം ഹിന്ദുരാഷ്ട്രം സ്ഥാപിച്ച ആള്‍ദൈവം സ്വാമി നിത്യാനന്ദ എവിടെയെന്ന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നിത്യാനന്ദ രാജ്യം വിട്ടതിനെപ്പറ്റി അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയമോ ഗുജറാത്ത് പൊലീസോ ഔദ്യോഗികമായി അപേക്ഷകളൊന്നും തന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന നിര്‍ദ്ദേശത്തിനനുസരിച്ചാണ് വിദേശകാര്യമന്ത്രാലയം പ്രവര്‍ത്തിക്കുന്നതെന്നും നിത്യാനന്ദയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും രവീഷ് കുമാര്‍ പറഞ്ഞു. അപേക്ഷ ലഭിച്ചാല്‍ വിഷയത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ആശ്രമത്തില്‍ തടഞ്ഞുവെച്ച് പീഡിപ്പിച്ചതടക്കം പല കേസുകളിലും പ്രതിയാണ് നിത്യാനന്ദ. ഇക്വഡോര്‍ തീരത്തിനു സമീപത്തുള്ള ഒരു കരീബിയന്‍ ദ്വീപില്‍ നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ രാജ്യത്തിന്റെ വെബ്‌സൈറ്റ് അടക്കമുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലുണ്ട്. എന്നിട്ടും, നിത്യാനന്ദ എവിടെയാണെന്നതിനെപ്പറ്റി പുതിയ വിവരങ്ങളൊന്നും അറിയില്ലെന്നും കേസ് അന്വേഷിക്കുന്ന ഏതെങ്കിലും ഏജന്‍സികള്‍ ആവശ്യപ്പെടാതെ നടപടിയെടുക്കാനാകില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, നിത്യാനന്ദയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി രവീഷ് കുമാര്‍ അറിയിച്ചു. സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയ്ക്ക് അഭയം നല്‍കുകയോ വടക്കന്‍ അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍. ഇക്വഡോര്‍ എംബസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് അഭയം നല്‍കണമെന്നുള്ള നിത്യാനന്ദയുടെ അഭ്യര്‍ത്ഥന തങ്ങള്‍ തള്ളിയതായി വ്യക്തമാക്കുന്നത്. നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും വാര്‍ത്താക്കുറിപ്പിലുണ്ട്. നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും ഈ വിവാദങ്ങളില്‍ നിന്ന് ഇക്വഡോറിന്റെ പേര് ഒഴിവാക്കണമെന്നും എംബസി പറയുന്നു. ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ താന്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള നിത്യാനന്ദയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് എംബസിയുടെ വിശദീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍