തമിഴ് സിനിമയില്‍ വന്‍ ചുവടുവയ്പുമായി ഷെയ്ന്‍:

തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിനൊപ്പം 
മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരം ഷെയ്ന്‍ നിഗം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. അതും തമിഴ്, തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ ചിയാന്‍ വിക്രമിനൊപ്പമാണ് ഷെയ്ന്‍ തമിഴില്‍ തുടക്കം കുറിക്കുക. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് തമിഴ് സിനിമയില്‍ താന്‍ രംഗപ്രവേശം ചെയ്യുന്ന വിവരം ഷെയ്ന്‍ നിഗം ആദ്യമായി വെളിപ്പെടുത്തിയത്. 'വിക്രം 58' എന്നാണ് ഈ ചിത്രത്തിന് ഇപ്പോള്‍ പേര് നല്‍കിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഷെയ്ന്‍ വിക്രം ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് എത്തുക എന്നാണ് വിവരങ്ങള്‍. റഷ്യയില്‍ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുക. ഷെയ്‌നിന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയിരിക്കും ഈ ചിത്രം എന്നും കരുതപ്പെടുന്നു. അതേസമയം, നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്റെ സിനിമകളുടെ ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തികളും നിര്‍ത്തിവയ്ക്കാന്‍ ഉള്ള തീരുമാനം നിര്‍മാതാക്കളുടെ സംഘടന ഉപേക്ഷിക്കണമെന്ന് മലയാള സിനിമാ സംവിധായകരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടിരുന്നു. ഷെയ്‌നിനെ തിരുത്താനുള്ള ഉത്തരവാദിത്തം നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കുമുണ്ടെന്നും സംഘടന പറഞ്ഞിട്ടുണ്ട്. ഷെയ്‌നും നിര്‍മാതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എത്രയും വേഗം ഒത്തുതീര്‍പ്പാക്കണം എന്നതാണ് ഡയറക്‌ടേഴ്‌സ് യൂണിയന്റെ നിലപാട്.ഇക്കാര്യമാണ് ഫെഫ്ക ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ഡയറക്‌ടേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡയറക്‌ടേഴ്‌സ് യൂണിയന്റെ കത്ത് ലഭിച്ച സാഹചര്യത്തില്‍ ഫെഫ്ക തിങ്കളാഴ്ച എ.എം.എം.എയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കത്ത് നല്‍കും. എത്രയും വേഗം യോഗം വിളിച്ച് ചര്‍ച്ചകള്‍ നടത്തണം എന്നായിരിക്കും ഈ കത്തുകളില്‍ ഫെഫ്ക ആവശ്യപ്പെടുക. സമവായ ചര്‍ച്ചകള്‍ ഈ മാസം അഞ്ചിന് നടക്കാനാണ് സാദ്ധ്യത. അജ്മീരിലേക്ക് യാത്ര പോയിരിക്കുന്ന ഷെയ്ന്‍ നാലാം തീയതിയാണ് മടങ്ങിയെത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍