ഇന്ത്യക്കുവേണ്ടി വീണ്ടും സഞ്ജു കളിക്കുന്നതും കാത്ത് ആരാധകര്‍

 ബംഗ്ലാദേശിനെതിരായ ടീമില്‍ ഇടംലഭിച്ചെങ്കിലും പ്ലേയിംഗ് ഇലവണു പുറത്തായിരുന്നു സഞ്ജു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടം ലഭിച്ചില്ല. അതോടെ വീണ്ടും വിമര്‍ശനം ഉയര്‍ന്നു. ശിഖര്‍ ധവാന്‍ സയ്യീദ് മുഷ്താഖ് അലി ട്വന്റി20ക്ക് ഇടയില്‍ പരിക്കേറ്റ് പുറത്തായത്. അതോടെ ധവാനു പകരം സഞ്ജു വിന്‍ഡീസിനെതിരായ ടീമില്‍ ഇടം പിടിച്ചു.ധവാന്റെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെട്ടെങ്കിലും പ്ലേയിംഗ് ഇലവണില്‍ സഞ്ജുവിന്റെ സ്ഥാനം എവിടെയാണെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിന്‍ഡീസിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ സഞ്ജു കളിക്കുമോ എന്നുപോലും തീര്‍ച്ചയില്ല. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേ ജൂലൈയിലാണ് സഞ്ജു രാജ്യാന്തര ട്വന്റി20യില്‍ അരങ്ങേറിയത്. അതിനുശേഷം ഇതുവരെ കളത്തില്‍ ഇറങ്ങാനുള്ള അവസരം ഈ തിരുവനന്തപുരം സ്വദേശിക്കു ലഭിച്ചിട്ടില്ല. വിന്‍ഡീസിനെതിരേ തിരുവനന്തപുരത്തും ഇന്ത്യക്ക് ട്വന്റി20 മത്സരമുണ്ട്. പരമ്പ രയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുക. അപ്പോഴെങ്കിലും സഞ്ജു ഇന്ത്യക്കായി കളിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളക്കര. ബംഗ്ലാദേശിനെതിരേ മൂന്ന് മത്സരത്തിലും കളിച്ചിട്ടും ഋഷഭ് പന്തിനു ശോഭിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ വിന്‍ഡീസിനെതിരേ സഞ്ജു എന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരേ 212 റണ്‍സ് നേടിയതോടെയാണ് സഞ്ജുവിന്റെ രാശി തെളിഞ്ഞത്. ഹര്‍ഭജന്‍ സിംഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ ഇന്ത്യന്‍ മുന്‍ താരങ്ങളും സഞ്ജുവിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍, ടീം മാനേജ്‌മെന്റില്‍നിന്ന് പന്തിനു ലഭിക്കുന്ന പിന്തുണ സഞ്ജുവിന്റെ വഴി മുടക്കിയേക്കാം. കാരണം, ഇപ്പോഴും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ സ്ഥാനം പന്തിനു തന്നെയാണ് നല്കിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍