തൊഴിലില്ലായ്മ രൂക്ഷമെന്നു തുറന്നുസമ്മതിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമായിട്ടുണ്ടെന്നു തുറന്നുസമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ടി.എന്‍ പ്രതാപന്‍ എംപിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് തൊഴിലില്ലായ്മ വര്‍ധിച്ചിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വര്‍ വ്യക്തമാക്കിയത്. 2013- 2014 കാലത്ത് 2.9 ശതമാനം മാത്രമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഗ്രാമീണ മേഖലയില്‍ ഇത് 4.9 ശതമാനവും നഗരമേഖലയില്‍ 3.4 ശതമാനവുമായിരുന്നു. 2015 -2016 കാലത്ത് തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ 4.4 ശതമാനവും നഗര മേഖലയില്‍ 3.7 ശതമാനവും ആയിരുന്നത് ഇപ്പോള്‍ 6.1 ശതമാനം ആയി കുത്തനെ ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ 5.3ശതമാനവും നഗര മേഖലയില്‍ 7.8 ശതമാനവും ആയി ഇത് ഉയര്‍ന്നു എന്ന് മന്ത്രി നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴില്‍ സമ്പത്ത് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 20132014 കാലത്ത് നഗര മേഖലയില്‍ 55.6 ശതമാനവും ഗ്രാമീണ മേഖലയില്‍ 47.9 ശതമാനവും ആയിരുന്നു. നഗരഗ്രാമീണ മേഖലയില്‍ മൊത്തത്തില്‍ 58.8 ശതമാനം ആയിരുന്നു സ്ഥിതിയെങ്കില്‍ ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം തന്നെ ഇത് കുറഞ്ഞു തുടങ്ങി. ഗ്രാമീണ മേഖലയില്‍ 43.7ശതമാനമായും നഗര മേഖലയില്‍ 52.4 ശതമാനമായും കുറഞ്ഞു.മൊത്തത്തില്‍ 55.8 ശതമാനം എന്ന സ്ഥിതിയുമായി. ഇപ്പോള്‍ ഇത് കുത്തനെ കുറഞ്ഞ് 34.7 ശതമാനം എന്ന ദയനീയ സ്ഥിതിയിലാണ്. അതായത്, എന്‍ഡിഎ സര്‍ക്കാരിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായില്ലെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയില്‍ 35 ശതമാനവും നഗര മേഖലയില്‍ 33.9 ശതമാനവും എന്നതാണ് ഒടുവിലത്തെ കണക്കുകള്‍ നല്‍കുന്ന വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍