പാരിസ്ഥിതിക അനുമതിയില്ല; അഴീക്കലിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: അഴീക്കലിലെ നിര്‍ദിഷ്ട കോസ്റ്റ് ഗാര്‍ഡ് അക്കാദമി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു. കേന്ദ്ര പ്രതിരോധ സഹമന്ത്രി രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. പദ്ധതി പ്രദേശം തീരദേശ പരിപാലന മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചില്ല എന്നാണു കേന്ദ്ര സര്‍ക്കാര്‍ ഇതിനു നല്‍കുന്ന വിശദീകരണം. 2009ലാണ് അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 164 ഏക്കര്‍ സ്ഥലം പദ്ധതിക്കായി കൈമാറി. 2011 മേയ് 28ന് അന്നു പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി തറക്കല്ലിടുകയും ചെയ്തു. കണ്ടല്‍ക്കാട് കൂടി ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായിരുന്നു. തീരദേശ പരിപാലന ചട്ടപ്രകാരം സോണ്‍ ഒന്നില്‍ വരുന്ന പ്രദേശമായതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നാണു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. അക്കാദമി അഴീക്കലില്‍നിന്നു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തന്ത്ര പ്രധാനമായ ഈ സ്ഥലത്തുതന്നെ എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അന്നത്തെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനോടും ആവശ്യപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍