ഭരണഘടനാ സാക്ഷരതാ പരിപാടി വിപുലമാക്കി സാക്ഷരതാമിഷന്‍

തിരുവനന്തപുരം: ഭരണഘടന നിലവില്‍ വന്നിട്ട് 70 വര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയിലെ മൂല്യങ്ങളും ആശയങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുക, ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നാള്‍വഴികള്‍ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രത്യേക പരിപാടിയുമായി സാക്ഷരതാമിഷന്‍. ജനുവരി ഒന്നു മുതല്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ 30 വരെ സംസ്ഥാനത്തൊട്ടാകെ ' ഇന്ത്യ എന്ന റിപ്പബ്ലിക് ' എന്ന ആശയം മുന്‍ നിര്‍ത്തി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല അറിയിച്ചു. ആദിവാസി ഊരുകള്‍, പട്ടികജാതി കോളനികള്‍, തീരദേശ മേഖലകള്‍ എന്നിവിടങ്ങളില്‍ ഭരണഘടനാ സാക്ഷരതാ ക്ലാസുകളും അനുബന്ധ പരിപാടികളും നടത്തും. ജനുവരി 26 മുതല്‍ 30 വരെ ഇന്ത്യ എന്ന റിപ്പബ്ലിക് എന്ന ആശയം ആസ്പദമാക്കി പ്രദര്‍ശനങ്ങളും പ്രഭാഷണ പരമ്പരയും തിരുവനന്തപുരത്ത് നടത്തും.പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് 15നകം എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഇന്‍സ്ട്രക്ടര്‍മാരുടെയും പ്രേരക്മാരുടെയും യോഗം ചേരും. ആദിവാസി ഊരുകളിലും പട്ടികജാതി തീരദേശ കോളനികളിലും ജനകീയ സമിതികള്‍ രൂപീകരിക്കും. സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ഏറ്റെടുത്ത 2,000 കോളനികള്‍ കേന്ദ്രീകരിച്ച് ജനകീയ റിപ്പബ്ലിക്കിലൂടെ എന്ന യാത്ര സംഘടിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍