ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും കാറപകടത്തില്‍ മരിച്ച കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. കേസ് സിബിഐക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി.ഉണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. അപകടം പുനസൃഷ്ടിച്ചും ശാസ്ത്രീയ പരിശോധനകള്‍ നടത്തിയും അസ്വാഭാവികതയില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തുവന്നത്. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വാഹനമോടിച്ചിരുന്നത് അര്‍ജുനാണെന്നാണ് കണ്ടെത്തിയത്. വാഹനമോടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജുന്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്.എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ഈ മൊഴി തള്ളിയിരുന്നു. വാഹനമോടിച്ചത് അര്‍ജുനാണെന്നായിരുന്നു അവരുടെ മൊഴി. ഇതോടെയാണ് ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധന നടത്തിയത്.അപകടത്തില്‍ അര്‍ജുനേറ്റ പരിക്ക് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചും വിദഗ്ധരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചുമാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ എന്തുകൊണ്ട് അര്‍ജുന്‍ കളവ് പറഞ്ഞുവെന്ന കാര്യം ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍