നെയ്മറെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ

നെയ്മറെ വീണ്ടും സ്വന്തം ക്യാമ്പിലെത്തിക്കാന്‍ ബാഴ്‌സലോണയുടെ ശ്രമം. സ്പാനിഷ് മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. എത്രയും വേഗം 28കാരനായ നെയ്മറെ ക്യാമ്പ് നൗവിലെത്തിക്കാനാണ് ബാഴ്‌സലോണ ശ്രമം.
ലയണല്‍ മെസിയുടെ സ്വാഭാവിക പകരക്കാരനായാണ് നെയ്മറെ ബാഴ്‌സലോണ അധികൃതര്‍ വിലയിരുത്തുന്നത്. മെസി കല്‍നിര്‍ത്തിയാല്‍ നെയ്മറെ ടീമിലെത്തിക്കുന്നതില്‍ പ്രയാസമുണ്ടാകില്ലെന്നും ബാഴ്‌സലോണ കരുതുന്നു. ബാഴ്‌സലോണയില്‍ നേരത്തെ കളിച്ച് പരിചയമുള്ളതും നെയ്മറുടെ നിലവാരത്തില്‍ അധികം കളിക്കാരില്ലെന്നതും അവര്‍ കണക്കിലെടുക്കുന്നുണ്ടെന്നും സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.
പി.എസ്.ജിയിലേക്ക് ലോകറെക്കോഡ് തുകയായ 222 മില്യണ്‍ യൂറോക്കാണ്(1755 കോടി രൂപ) ബാഴ്‌സലോണയില്‍ നിന്നും നെയ്മര്‍ പോകുന്നത്. ക്ലബ് വിട്ടശേഷവും ബാഴ്‌സലോണ അധികൃതരുമായി നല്ല ബന്ധം നെയ്മര്‍ സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഫ്രഞ്ച് ടീം പി.എസ്.ജിയില്‍ നെയ്മര്‍ തൃപ്തനല്ലെന്ന വാര്‍ത്തകള്‍ പലപ്പോഴും പുറത്തുവന്നിരുന്നു. കഴിഞ്ഞ വേനലിലെ ക്ലബ് ട്രാന്‍സ്ഫറുകള്‍ക്കിടയില്‍ നെയ്മറെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ കിണഞ്ഞു പരിശ്രമിച്ചിരുന്നെങ്കിലും പി.എസ്.ജി വഴങ്ങിയിരുന്നില്ല.
ലയണല്‍ മെസിയുമായി നെയ്മര്‍ക്കുള്ള മികച്ച ബന്ധവും അദ്ദേഹത്തിന്റെ ബാഴ്‌സലോണിലേക്കുള്ള തിരിച്ചുവരവിന് വേഗം കൂട്ടുന്നുണ്ട്. പരിക്കുമാറി തിരിച്ചെത്തിയ നെയ്മര്‍ മികച്ച പ്രകടനമാണ് ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്കുവേണ്ടി നടത്തുന്നത്. പി.എസ്.ജിക്കുവേണ്ടി ഇറങ്ങിയ 47 കളികളില്‍ 42 ഗോളുകളാണ് നെയ്മര്‍ അടിച്ചുകൂട്ടിയത്. നെയ്മറെ സ്വന്തമാക്കാന്‍ വേണ്ട തുകയുടെ പകുതി സ്വന്തം താരങ്ങളെ വിറ്റ് സ്വരൂപിക്കാനാണ് ബാഴ്‌സലോണയുടെ ശ്രമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍