ജയിലില്‍നിന്ന് ചിദംബരം പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധ സമരത്തില്‍

ന്യൂഡല്‍ഹി: ജയിലില്‍നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെ പാര്‍ലമെന്റിലെത്തി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. പാര്‍ലമെന്റില്‍ തന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായ ചിദംബരം ഉള്ളി വിലവര്‍ധനയ്‌ക്കെതിരെ പാര്‍ലമെന്റിനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലും പങ്കെടുത്തു. ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവില്‍ താന്‍ സന്തോഷിക്കുന്നു. 106 ദിവസങ്ങള്‍ക്കു ശേഷം പുറത്തെ ശുദ്ധവായു ശ്വസിക്കാനായതിലും സന്തോഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത്. ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ ബുധനാഴ്ചയാണ് ചിദംബരത്തിന് ജാമ്യം ലഭിച്ചത്. രണ്ടു ലക്ഷം രൂപ ജാമ്യത്തുകയും അതേ തുകയുടെ ആള്‍ ജാമ്യത്തിലുമാണ് ചിദംബരം ജയില്‍ മോചിതനായത്. ചിദംബരത്തിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയതുപോലെ തന്നെയിരിക്കും. അനുമതിയില്ലാതെ രാജ്യം വിടാനും കഴിയില്ല. ചോദ്യം ചെയ്യലിന് സ്വമേധയാ ഹാജരാകണം. പത്രസമ്മേളനം നടത്തുകയോ പൊതുവേദികളില്‍ കേസുമായി ബന്ധപ്പെട്ടു പ്രസ്താവന നടത്തുകയോ ചെയ്യരുത്. കേസിലെ ഒരു സാക്ഷികളെയും സ്വാധീനിക്കാനും ശ്രമിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. 106 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ചിദംബരം തീഹാര്‍ ജയിലിന് പുറത്തിറങ്ങിയത്. ചിദംബരത്തിനു ജാമ്യം ലഭിച്ച വാര്‍ത്ത വന്നതിനു പിന്നാ ലെതന്നെ മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരം, അച്ഛന്‍ ഇന്ന് പാര്‍ലമെന്റിലെത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. 11ന് തന്നെ രാജ്യസഭയില്‍ എ ത്തുന്ന അദ്ദേഹം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് വിഷയം ഉന്നയിക്കുമെന്നും കാര്‍ത്തി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍