സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലു തളര്‍ന്നെന്ന് അരവിന്ദ് സുബ്രഹ്മണ്യം

ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ നേരിടുന്നത് അസാധാരണ സാമ്പത്തിക മാന്ദ്യമെന്നു കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. നിലവിലെ മാന്ദ്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തളര്‍ന്നിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ചാനലിന് നല്‍കി അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇറക്കുമതി, കയറ്റുമതി നിരക്ക്, വ്യവസായ വളര്‍ച്ച, ഉത്പാദന വളര്‍ച്ച നിരക്ക് എന്നിവയാണു സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളായി എടുക്കേണ്ടത്. ഈ സൂചകങ്ങളെ മുമ്പത്തെ മാന്ദ്യവുമായി താരതമ്യം ചെയ്യണം. 2000 -2002 മാന്ദ്യകാലത്ത് ജിഡിപി നിരക്ക് 4.5 ശതമാനമായിരുന്നിട്ടും ഈ സൂചകങ്ങളെല്ലാം പോസിറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഈ നിരക്കുകളെല്ലാം താഴ്ന്ന അവസ്ഥയിലാണ്. ഇത് ഒരു സാധാരണ മാന്ദ്യമല്ല. ഇത് ഇന്ത്യയുടെ വലിയ മാന്ദ്യമാണ്. തൊഴില്‍ ലഭ്യത, ആളുകളുടെ വരുമാനം, സര്‍ക്കാരിന്റെ വരുമാനം എന്നിവ കുറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2011 നും 2016 നും ഇടയില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം വളര്‍ച്ച 2.5 ശതമാനം പോയിന്റുകള്‍ അമിതമായി കണക്കാക്കിയതായി അരവിന്ദ് സുബ്രമണ്യന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ജിഡിപി ഡാറ്റയെ സമ്പദ്‌വ്യവസ്ഥയുടെ അഭിവൃദ്ധിയുടെ സൂചകമായി കണക്കാക്കുന്നതിനെക്കുറിച്ച് ജാഗ്രത മുന്നറിയിപ്പ് നല്‍കി. ജിഡിപി കണക്കുകള്‍ ശ്രദ്ധാപൂര്‍വം നോക്കേണ്ടതുണ്ട് എന്നത് ഇപ്പോള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് മാന്ദ്യത്തില്‍ തളര്‍ന്നിരിക്കുകയാണെന്നും തൊഴില്‍, സാധാരണക്കാരന്റെ വരുമാനം, വേതനം, സര്‍ക്കാരിന്റെ വരുമാനം എന്നിവയൊക്കെ പിന്നോട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അരവിന്ദ് സുബ്രമണ്യന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ജിഡിപി നിരക്കുകളിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍