ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലേക്ക്

 ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കുന്നതിനായി ഒരു സംഘത്തെ തെലങ്കാനയിലേക്ക് അയയ്ക്കുമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി. അന്വേഷണ കമ്മിഷന്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഇത് ഉത്കണ്ഠ ഉയര്‍ത്തുന്ന വിഷയമാണെന്നും സൂഷ്മമായി അന്വേഷിക്കേണ്ടതുണ്ടെന്നും മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞു. സീനിയര്‍ സൂപ്രണ്ട് ഒഫ് പൊലീസാണ് സംഘത്തെ നയിക്കുന്നത്. അന്വേഷണ സംഘം എത്രയും പെട്ടെന്ന് ഹൈദരാബാദില്‍ എത്തിച്ചേരും. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതാണ്. അവര്‍ കുറ്റസമ്മതം നടത്തിയതാണെങ്കില്‍ നിയമം അനുസരിച്ചുള്ള ശിക്ഷ അവര്‍ക്ക് നല്‍കേണ്ടതായിരുന്നു മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ദേശീയ വനിതാ കമ്മിഷനും രംഗത്തെത്തി. ഒരു സാധാരണ പൗര എന്ന നിലയില്‍ ഈ നടപടിയില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ നിയമനടപടികളിലൂടെയായിരുന്നു ശിക്ഷ നടപ്പാക്കേണ്ടിയിരുന്നതെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍