ടിഡിപി നേതാക്കളെ വീട്ടുതടങ്കലിലാക്കി ജഗന്‍

അമരാവതി: ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടി നേതാക്കള്‍ വീട്ടുതടങ്കലില്‍. വിജയവാഡയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതില്‍നിന്നു തടയാനാണ് സര്‍ക്കാര്‍ രണ്ട് ജനപ്രതിനിധികളെ വീട്ടുതടങ്കലിലാക്കിയതെന്നാണു റിപ്പോര്‍ട്ടുകള്‍. ടിഡിപി എംപി കേശിനേനി ശ്രീനിവാസ്, ടിഡിപി എംഎല്‍എ ബുദ്ധ വെങ്കണ്ണ എന്നിവരെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
അടുത്ത ദിവസം മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ജഗന്റെ മൂന്നു തലസ്ഥാന ഫോര്‍മുലയ്ക്ക് അംഗീകാരം ലഭിച്ചേക്കും. ഇതുകൂടി മുന്നില്‍ക്കണ്ടാണ് നേതാക്കളെ തടങ്കലിലാക്കിയതെന്നാണു റിപ്പോര്‍ട്ട്. അമരാവതിക്കുപുറമേ വിശാഖപട്ടണവും കര്‍ണൂലും തലസ്ഥാന പദവിയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് ജഗന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ടിഡിപി സര്‍ക്കാരിന്റെ കാലത്ത് തലസ്ഥാന നഗര നിര്‍മാണത്തിനായി ഭൂമി നല്‍കിയവരാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. അമരാവതിയില്‍നിന്നു തലസ്ഥാനം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. അമരാവതിയില്‍ തലസ്ഥാന നഗരം പണിയുന്നതിനനായി ഒരു ലാന്‍ഡ് ബാങ്ക് സൃഷ്ടിച്ചിരുന്നു. ലാന്‍ഡ് പൂളിംഗ് പദ്ധതി പ്രകാരം 33,000 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതിലേക്ക് സ്വമേധയാ തങ്ങളുടെ ഫലഭൂയിഷ്ഠമായ ഭൂമി വിട്ടു നല്‍കിയ 28000 കര്‍ഷകരാണ് ജഗന്റെ നടപടിയിലൂടെ തെരുവിലായത്.
അമരാവതിയില്‍ ഒരു നിയമനിര്‍മാണ തലസ്ഥാനം നിര്‍മിക്കുക എന്നതാണ് ജഗന്‍ ഉദ്ദശിക്കുന്നത്. എന്നാല്‍ എക്‌സിക്യൂട്ടീവ് തലസ്ഥാനം വിശപട്ടണമായിരിക്കും. കൂടാതെ ജുഡീഷല്‍ ആസ്ഥാനം കര്‍ണൂലിലും സ്ഥാപിക്കാനാണു പദ്ധതി. സംസ്ഥാന അസംബ്ലി മാത്രമാണ് അമരാവതിയിലുണ്ടാകുക. ഇതോടെ പദ്ധതിയുടെ എല്ലാ മുന്‍തൂക്കവും നഷ്ടപ്പെടും. ലോകോത്തര നഗരം എന്നതു സ്വപ്‌നം മാത്രമായി അവശേഷിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍