പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് ഏഴംഗ സംഘം കാറോടിച്ചു കയറ്റി; വന്‍ സുരക്ഷാ വീഴ്ച

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വന്‍ സുരക്ഷാ വീഴ്ച. ഡല്‍ഹി ലോധി എസ്‌റ്റേറ്റിലുളള പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് ഒരു സംഘം സെല്‍ഫിയെടുക്കാന്‍ കാര്‍ ഓടിച്ച് കയറ്റിയതായാണ് റിപ്പോര്‍ട്ട്. അതീവ സുരക്ഷ മേഖയിലാണ് അമ്പരപ്പിക്കുന്ന തരത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുള്ളത്. എസ്പിജി സംരക്ഷണം പിന്‍വലിച്ചതിന് തൊട്ടു പിന്നാലെ തന്നെയുണ്ടായ സുരക്ഷാ വീഴ്ച ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഏഴു പേര് അടങ്ങുന്ന സംഘമാണ് പ്രിയങ്ക ഗാന്ധിയുടെ വീട്ടു മുറ്റത്തേക്ക് കാറോടിച്ച് കയറ്റിയത്. കാറില്‍ നിന്നിറങ്ങി പൂന്തോട്ടത്തിലേക്ക് ചെന്ന് പ്രിയങ്കയോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്നും സംഘം ആവശ്യപ്പെട്ടു. എന്നാല്‍ തന്നെ കാണാന്‍ ആരും അപ്പോയിന്റ്‌മെന്റെ് എടുത്തിട്ടില്ല എന്നുറപ്പുളള പ്രിയങ്ക ഗാന്ധി ഇവരെ വീട്ടില്‍ കണ്ട് അത്ഭുതപ്പെട്ടു.പ്രിയങ്കയോടൊപ്പം നിന്നു ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം യുപിയില്‍നിന്ന് ഡല്‍ഹി വരെ കാറിലെത്തിയെന്നാണ് ഇവര്‍ പറഞ്ഞത്. അതേസമയം, ഇവര്‍ പ്രിയങ്കയെ കാണാന്‍ എത്തുന്നത് സുരക്ഷാ ഡ്യൂട്ടിയില്‍ ഉളള സിആര്‍പിഎഫ് ഉദ്യോഗസ്ഥരാരും തന്നെ അറിഞ്ഞിരുന്നില്ല. എങ്ങനെയാണ് കാറില്‍ താന്‍ അറിയാതെ സന്ദര്‍ശകര്‍ അകത്തേക്ക് എത്തിയതെന്ന് പ്രിയങ്ക അന്വേഷിക്കുമ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായതായി സിആര്‍പിഎഫ് അറിയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍