കേന്ദ്ര തൊഴില്‍നിയമം അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്നത്: എളമരം

 തൃശൂര്‍: തൊഴിലാളികളുടെ പ്രാഥമിക അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണു പുതിയ തൊഴില്‍നിയമമെന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രേഡ് യൂണിയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക അസമത്വത്തിലേക്കും അസംഘടിതാവസ്ഥയിലേക്കുമാണ് ഈ തെറ്റായ നിയമങ്ങള്‍ നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ നിയമ ഭേദഗതിയുടെ മൂന്ന് ഡിവിഷനുകള്‍ തികച്ചും തൊഴിലാളി വിരുദ്ധമാണെന്നു പറയാതെ വയ്യെന്നായിരുന്നു ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് സജി നാരായണന്‍ പറഞ്ഞത്. നിലവിലെ മാറ്റത്തോടെ തൊഴില്‍ നിയമം മുതലാളി നിയമമെന്ന പേരിലേക്കു മാറ്റേണ്ട അവസ്ഥയിലായിരിക്കുന്നുവെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. തൊഴില്‍ സുരക്ഷാ നിയമം നിലവിലുണ്ടായപ്പോള്‍ പോലും തൊഴിലാളികള്‍ ഏറെ അനീതികളെ അതിജീവിച്ചവരാണ്. അന്നു ലഭിക്കാത്ത സാമൂഹിക സുരക്ഷയാണ് ഇപ്പോഴത്തെ ഭേദഗതികള്‍കൊണ്ട് പൊള്ളയായി വാഗ്ദാനം ചെയ്യുന്നതെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. സാമൂഹിക സുരക്ഷാ കോഡുകള്‍ ആദ്യം പ്രതികൂലമായി ബാധിക്കുന്നത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്ന കേരളത്തെയാവുമെന്നായിരുന്നു എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞത്.ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധമായ മുതലാളി ഐക്യ നിയമങ്ങളോടുള്ള നിരന്തരമായ സമരത്തിന്റെ തുടക്കമാവണം ഇപ്പോഴത്തേതെന്ന് തമ്പാന്‍ തോമസ് അഭിപ്രായപ്പെട്ടു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ഉള്‍പ്പെടെ ഇന്ത്യയിലെ അടിസ്ഥാന തൊഴിലാളികളുടെ എല്ലാ അവകാശങ്ങളെയും ഇല്ലാതാക്കുകയാണ് വേജ് കോഡുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത 44 നിയമങ്ങളെന്നും സെമിനാര്‍ വിലയിരുത്തി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ മോഡറേറ്ററായിരുന്നു. കെ. പ്രഭാത് സ്വാഗതവും സെക്രട്ടറി എം.വി. വിനീത നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍