വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ചെന്നൈ സ്വദേശിക്ക് നന്ദി പറഞ്ഞ് നാസ


ന്യൂയോര്‍ക്ക്: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്ത ശേഷമാണ് നാസയുടെ സ്ഥിരീകരണം. ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ചിത്രങ്ങള്‍ വിശകലനം ചെയ്തു നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് വഴിയൊരുക്കിയത്. ഷണ്‍മുഖ സുബ്രഹ്മണ്യന് നാസ നന്ദി പറഞ്ഞു. ഇസ്രോയുടെ ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെ ഭൂമിയുമായുള്ള ബന്ധമറ്റത്. ദക്ഷിണധ്രുവത്തില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ അകലെയുള്ള ഉയര്‍ന്ന പ്രദേശത്തെ മിനുസമാര്‍ന്ന സമതലത്തില്‍ ഇറങ്ങാനായിരുന്നു വിക്രം ലാന്‍ഡര്‍ ലക്ഷ്യമിട്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ ചന്ദ്രനു തൊട്ടുമുകളില്‍ 2.1 കിലോമീറ്റര്‍ അകലമുള്ളപ്പോള്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി. ചന്ദ്രനെ ചുറ്റുന്നതിനിടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) സെപ്റ്റംബര്‍ 17ന് ദക്ഷിണ ധ്രുവത്തിനു സമീപത്ത് നിന്ന് പകര്‍ത്തിയ ചിത്രം നാസ പുറത്തുവിട്ടിരുന്നു. എന്നാല്‍ കനത്ത നിഴലുകള്‍ മൂടിയ ദൃശ്യങ്ങളാണ് ഓര്‍ബിറ്റര്‍ ക്യാമറയില്‍ പതിഞ്ഞത്. വിക്രം ലാന്‍ഡറിന്റെ അടയാളങ്ങള്‍ കണ്ടെത്താന്‍ നിരവധിയാളുകള്‍ ഈ ചിത്രങ്ങള്‍ വിശകലനം ചെയ്തിരുന്നു. മെക്കാനിക്കല്‍ എന്‍ജിനിയറായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എന്ന വ്യക്തി ചിത്രം വിലകലനം ചെയ്തു പഠിക്കുകയും ഇതുസംബന്ധിച്ച് നിര്‍ണായക കണ്ടെത്തല്‍ നടത്തുകയുമായിരുന്നു. ഒക്ടോബര്‍ 14നും 15നും നവംബര്‍ 11നും ഈ പ്രദേശത്തിന്റെ മൂന്നു ചിത്രങ്ങള്‍ കൂടി ലൂണാര്‍ ഓര്‍ബിറ്ററില്‍ നിന്ന് ലഭിച്ചതോടെ കൂടുതല്‍ വ്യക്തത ലഭിച്ചു. ഷണ്‍മുഖ സുബ്രഹ്മണ്യന്‍ നല്‍കിയ നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ചിത്രങ്ങള്‍ നാസ താരതമ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് നാസ കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും അനുമാനത്തില്‍ എത്തുകയുമായിരുന്നു. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ഭാഗവും അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ ഇടവും ചിത്രത്തില്‍ കാണാം. പച്ച നിറത്തിലാണ് ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെ ചിത്രത്തില്‍ നാസ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇരുപതിയൊന്നു കഷ്ണങ്ങളായി ലാന്‍ഡര്‍ തകര്‍ന്നുവീണതെന്നാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. കണ്ടെത്തല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നാസ പുറത്തുവിടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍