ആര്‍ബിഐ പണനയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: പ്രവചനങ്ങളെല്ലാം തെറ്റിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണനയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കില്‍ (റീപോ നിരക്ക്) പണനയകമ്മിറ്റി (എംപിസി) മാറ്റം വരുത്തിയിട്ടില്ല. റീപോ നിരക്ക് 5.15 ശതമാനമായി തുടരും. എതിര്‍ ശബ്ദങ്ങളില്ലാതെയാണ് പണനയ അവലോകന യോഗം തീരുമാനങ്ങള്‍ കൈക്കൊണ്ടത്. നടപ്പ് സാമ്പത്തിക വര്‍ഷം ജിഡിപി അഞ്ച് ശതമാനമായി കുറയുമെന്നും ആര്‍ബിഐ വിലയിരുത്തി. പണപ്പെരുപ്പ നിരക്ക് ഉയരുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച പണനയ അവലോകന തീരുമാനത്തില്‍ പറയുന്നു. 2019-20 സാമ്പത്തിക വര്‍ഷം ജിഡിപി 6.1 ശതമാനം വളര്‍ച്ച പ്രകടിപ്പിക്കുമെന്ന നിഗമനത്തില്‍ നിന്നാണ് റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്.സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ സാമ്പത്തികവളര്‍ച്ച 4.5 ശതമാനത്തിലേക്കു താണതു മൂലം റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാല്‍ എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് റീപോ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു. 2019ല്‍ അഞ്ചുതവണ റീപോ നിരക്ക് കുറച്ചിരുന്നു. വാണിജ്യബാങ്കുകള്‍ അടിയന്തരാവശ്യങ്ങള്‍ക്കു റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കുന്ന ഏകദിന വായ്പകള്‍ക്കുള്ള പലിശയാണു റീപോ നിരക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍