ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍

 ന്യൂഡല്‍ഹി: കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരി്‌ന്റെ കാലത്ത് പെട്രോളിനും ഡീസലിനും കുത്തനെ കൂട്ടിയ കേന്ദ്ര നികുതികള്‍ കുറയ്ക്കില്ലെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പെട്രോള്‍, ഡീസല്‍ വിലകള്‍ ജിഎസ്ടിയുടെ പരിധിയിലാക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നു ജിഎസ്ടി കൗണ്‍സിലിന്റെ ചുമതലക്കാരി കൂടിയായ ധനമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. ലിറ്ററിനു വീണ്ടും രണ്ടു രൂപയോളം കൂടിയതോടെ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ വിലയാണു പെട്രോളിന് ഇന്നലത്തേത്. 30 ദിവസത്തിനകം ലിറ്ററിനു രണ്ടു രൂപയാണ് പെട്രോള്‍ വില കൂട്ടിയത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ 18 ശതമാനം നികുതി ചുമത്തിയാലും പെട്രോള്‍, ഡീസല്‍ വിലകള്‍ നിലവിലെ ചില്ലറ വില്പന വിലയുടെ പകുതിയായി കുറയും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കണക്കനുസരിച്ച് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ച്, പമ്പുകളില്‍ എത്തിക്കുന്നതു വരെയുളള ചെലവുകള്‍ കൂട്ടിയാല്‍ കഴിഞ്ഞ മാസം ഒന്നാം തീയതിയിലെ നിരക്കനുസരിച്ച് വെറും 33.82 രൂപ മാത്രമാണു ലിറ്ററിന് അടിസ്ഥാന വില. ക്രൂഡ് ഓയില്‍ ലിറ്ററിന് 26.99 രൂപയാണു ചെലവു വരുക. പെട്രോള്‍ പമ്പുടമകള്‍ക്കു കമ്മീഷനായി ലിറ്ററിന് 3.57 രൂപയാണു നല്‍കുന്നത്. ഓരോ ലിറ്ററിലും 20 രൂപയോളം കേന്ദ്ര നികുതികളുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ 27 ശതമാനം വരെയുള്ള വാറ്റ് നികുതിയും കൂടി ചേര്‍ത്താണ് അടിസ്ഥാനവിലയുടെ ഇരട്ടിവിലയ്ക്ക് പെട്രോള്‍ വിറ്റു സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്. നരേന്ദ്ര മോദിയുടെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഗണ്യമായി കുറഞ്ഞപ്പോള്‍ കേന്ദ്ര എക്‌സൈസ് നികുതി തുടര്‍ച്ചയായി കൂട്ടിയാണു ഖജനാവിലേക്കു ലക്ഷക്കണക്കിനു കോടി രൂപ തുടര്‍ച്ചയായി സമാഹരിച്ചത്. ഇതിനു പുറമേ കഴിഞ്ഞ പൊതുബജറ്റിലും കേന്ദ്രം നികുതി വര്‍ധിപ്പിച്ചിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍