നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടു പേര്‍ പിടിയില്‍

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.19 കോടി രൂപയുടെ സ്വര്‍ണ വേട്ട. ഇന്ന് പുലര്‍ച്ചെ എത്തിയ രണ്ട് യാത്രക്കാരാണ് അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. 3.750 കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബഹ്‌റൈനില്‍ നിന്നും എത്തിയ മലപ്പുറം തൂവൂര്‍ സ്വദേശിയായ യാത്രക്കാരന്‍ 3.250 കിലോഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കാലില്‍ ഒട്ടിച്ചു വച്ച ശേഷം അതിന് മുകളിലായി കാലിലെ വേദന മാറാന്‍ ധരിക്കുന്ന 'നീകോളര്‍' ധരിച്ചിരിക്കുകയായിരുന്നു. വിമാനമിറങ്ങി വരുമ്പോള്‍ ഇയാളുടെ നടത്തത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. മറ്റൊരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ യാത്രക്കാരന്‍ അര കിലോഗ്രാം സ്വര്‍ണമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ 250 ഗ്രാം വീതമുള്ള രണ്ട് സ്വര്‍ണക്കട്ടികള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടിയിലായവര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍