ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കാന്‍ വിദേശ ക്ലബ്ബുകള്‍ക്ക് താത്പര്യം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കാന്‍ വന്‍കിട വിദേശ ക്ലബ്ബുകള്‍ താല്പര്യം പ്രകടിപ്പിച്ചതായി സിഇഒ വിരേന്‍ ഡിസില്‍വ. കേരള ബ്ലാസ്റ്റേഴ്‌സ് യൂത്ത് അക്കാഡമിയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് ഡിസില്‍വ ഇക്കാര്യം വ്യക്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥരായ സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റിയില്‍ നടത്തിയതുപോലെ നിക്ഷേപം നടത്താനും യൂറോപ്യന്‍ ക്ലബ്ബുകള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളിതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ഭാവിയില്‍ കൊച്ചിയില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും എന്നാല്‍ കേരളം വിട്ടുപോകില്ലെന്നും ഡിസില്‍വ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ ക്ലബ്ബാണ്. ഇവിടെത്തന്നെ നില്‍ക്കാനാണ് ആഗ്രഹം. കൊച്ചിയില്‍ നിന്ന് ക്ലബ്ബിനെ കോഴിക്കോട്ടേക്ക് പറിച്ചു നട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിയിടുന്നതാണ് ഡിസില്‍വയുടെ പ്രതികരണം. കോര്‍പറേഷനും ജിസിഡിഎയുമായുള്ള പ്രശ്‌നങ്ങളെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യംഗ് ബ്ലാസ്റ്റേഴ്‌സിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി ഇംഗ്ലണ്ടില്‍നിന്നുള്ള മരിയോ മരിനിക്കയെ നിയമിച്ചു. ലിവര്‍പൂളിന്റെ അണ്ടര്‍ 15 ടീമിന്റെ ഉള്‍പ്പെടെ മനേജരായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് മരിയോ. ടാന്‍സാനിയയിലെ അസാം എഫ്‌സിയുടെ ഹെഡ് കോച്ചായിരുന്നു. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് രണ്ടു ലക്ഷത്തോളം കുരുന്നുകള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്കുകയാണ് യംഗ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിയുടെ ലക്ഷ്യം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍