ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം പരിഗണയില്‍

തിരുവനന്തപുരം : കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ മുഖം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് വിവരം. സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കിയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ മൂന്നായി തിരിച്ചായിരുന്നു സ്വകാര്യ ബസുകള്‍ക്ക് നിറം നല്‍കിയത്. സ്വകാര്യ ബസുകള്‍ക്ക് നിറം നല്‍കിയ മാതൃകയില്‍ ടൂറിസ്റ്റ് ബസുകളുടെയും നിറം മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കുമായി ഒരൊറ്റ നിറമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
വിനോദ യാത്രക്കിടെ ഡ്രൈവര്‍മാര്‍ നടത്തിയ നിയമലംഘനങ്ങളും ബസുകളുപയോഗിച്ച് സ്‌കൂളില്‍ അഭ്യാസപ്രകടനം നടത്തിയതും അടുത്തിടെ വിവാദമായിരുന്നു. ബസിനുള്ളില്‍ ഡാന്‍സ് ഫ്‌ളോറുകള്‍ സജ്ജീകരിച്ചും ലേസര്‍ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ചുമുള്ള പരാക്രമങ്ങള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നത്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് ഇതിനൊക്കെ കാരണമെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിക്ക് ലഭിച്ച വിവരം. ബസിനുള്ളില്‍ ലൈറ്റുകളും സീറ്റുകളും അടക്കമുള്ളവ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗതനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.അത് കര്‍ശനമായി പിന്തുടരാനാണ് ശ്രമിക്കുന്നത്. അതേസമയം ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബസ് ഉടമകള്‍ ഗതാഗത കമ്മിഷണര്‍ക്ക് നിവേദനവും നല്‍കി. കഴിഞ്ഞ കുറച്ചുനാളുകളായി നിരന്തരമായുള്ള ട്രാഫിക് നിയമലംഘനങ്ങളിലൂടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കല്ലട ബസിലെ യാത്രക്കാരെ തല്ലിചതച്ചത് ഉള്‍പ്പടെ നിരവധി സംഭവങ്ങളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളുമൊക്കെയാണ് പല ടൂറിസ്റ്റ് ബസുകളുടെയും ബോഡിയിലുള്ളത്. ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളുമാണ് ഒട്ടുമിക്ക ബസുകളിലും ഘടിപ്പിച്ചിട്ടുള്ളത്. ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റവും പരിഷ്‌കാരങ്ങളും അജണ്ടയാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അദ്ധ്യക്ഷനായുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ യോഗം ഉടന്‍ ചേരും. ട്രാഫിക് ഐ.ജി.ക്കു പുറമേ ഒരു അനൗദ്യോഗിക അംഗംകൂടി ഈ സമിതിയിലുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍