ഇന്ത്യക്കാരനെന്ന് കാണിച്ച് കൊടുക്കൂ'; ധര്‍ണയില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് രാഹുല്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സത്യഗ്രഹം അണിചേരാന്‍ യുവാക്കളോടും വിദ്യാര്‍ഥികളോടും ആഹ്വാനം ചെയ്തു രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് ഇന്ന് നടക്കുന്ന മഹാപ്രതിഷേധ ധര്‍ണയില്‍ പങ്കുചേരാന്‍ രാഹുല്‍ ആഹ്വാനം ചെയ്തത്. പ്രിയപ്പെട്ട വിദ്യാര്‍ഥികളെ, യുവാക്കളെ, നമ്മള്‍ ഇന്ത്യക്കാര്‍ ആണെന്ന് തോന്നിയാല്‍ മാത്രം പോരാ. ഇതുപോലുള്ള സമയങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു കാണിക്കേണ്ടതും അനിവാര്യമാണ്. രാജ്യത്തിനെതിരെ നരേന്ദ്രമോദിയും അമിത് ഷായും അഴിച്ചുവിട്ട വിദ്വേഷത്തിനും അക്രമത്തിനും എതിരെ എന്നോടൊപ്പം ചേരുക.രാഹുല്‍ ട്വീറ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ഇന്ന് ധര്‍ണ നടത്തുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ എട്ടു വരെ രാജ്ഘട്ടിലാണ് പ്രതിഷേധ ധര്‍ണ നടക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളും ധര്‍ണയില്‍ പങ്കെടുക്കും. ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇന്നത്തേക്കു മാറ്റിയത്. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം നിര്‍ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍