എന്‍ആര്‍സി വരുമെന്നു കേന്ദ്ര നിയമമന്ത്രി

 ന്യൂഡല്‍ഹി: രാജ്യവ്യാപക പൗരത്വ രജിസ്‌ട്രേഷന്‍ (എന്‍ആര്‍സി) നിയമവശങ്ങള്‍ പരിശോധിച്ചു മാത്രമേ നടപ്പാക്കൂ എന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു ചര്‍ച്ച ചെയ്തു മാത്രമേ എന്‍ആര്‍സി നടപ്പാക്കൂ എന്നും മന്ത്രി പറഞ്ഞു. ദേശീയ ജനസംഖ്യ രജിസ്റ്ററിന് (എന്‍ആര്‍പി) ശേഖരിക്കുന്ന വിവരങ്ങളില്‍നിന്ന് ചിലത് എന്‍ആര്‍സിക്ക് ഉപയോഗിക്കുകയോ ചിലത് ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.എന്‍ആര്‍സി നടപ്പാക്കുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്നാണ് അമിത്ഷാ കഴിഞ്ഞയാഴ്ച പറഞ്ഞത്. ഡല്‍ഹിയില്‍ നടന്ന റാലിയില്‍ സംസാരിക്കവേ എന്‍ആര്‍സി നടപ്പാക്കുന്ന കാര്യം പാര്‍ലമെന്റിലോ കാബിനറ്റിലോ ചര്‍ച്ച ചെയ്തിട്ടു പോലുമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. അതിനിടെയാണ് സംസ്ഥാനങ്ങളോടു കൂടിയാലോചിച്ചും നിയമവശങ്ങള്‍ പരിശോധിച്ചും എന്‍ആര്‍സി നടപ്പാക്കുമെന്നു കേന്ദ്ര നിയമമന്ത്രി പറയുന്നത്. രണ്ട് ഇംഗ്ലീഷ് ദിനപത്രങ്ങള്‍ക്കു നല്‍കിയ വ്യത്യസ്ത അഭിമുഖങ്ങളിലാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. എന്‍ആര്‍സി നടപ്പാക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. ആദ്യം തീരുമാനം എടുക്കണം. പിന്നീട് വിജ്ഞാപനം ഇറക്കണം. പിന്നീട് നടപടിക്രമങ്ങളിലേക്കും കടക്കണം. പിന്നീട് ഇതിലുള്ള എതിര്‍പ്പുകള്‍ കേള്‍ക്കുകയും അപ്പീലിനുള്ള അവകാശം ഉണ്ടാകുകയും ചെയ്യുമെന്നുമാണ് രവിശങ്കര്‍ പ്രസാദ് പറയുന്നത്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ രൂപീകരണം നടത്തും. എന്തു ചെയ്താലും പരസ്യമായേ ചെയ്യൂ എന്നും എന്‍ആര്‍സിയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള രഹസ്യങ്ങളില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍