ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ നാടകമെന്ന് അനന്ത്കുമാറിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ വിവാദ വെളിപ്പെടുത്തലുമായി ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്‌ഡെ. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അനുവദിച്ചിരുന്ന 40,000 കോടി കേന്ദ്രസര്‍ക്കാരിനു തിരിച്ചു നല്‍കുന്നതിനുവേണ്ടിയാണു മഹാരാഷ്ട്രയില്‍ പാര്‍ട്ടി നാടകം കളിച്ചതെന്നാണു ഹെഗ്‌ഡെയുടെ വെളിപ്പെടുത്തല്‍. ഫഡ്‌നാവിസ് 80 മണിക്കൂറാണു മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദവി വഹിച്ചത്. പിന്നീട് അദ്ദേഹം രാജിവച്ചു. ഭൂരിപക്ഷം ഇല്ലെന്നറിഞ്ഞിട്ടും എന്തിനാണ് ഈ നാടകം കളിച്ചതെന്നാണു പലരും ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അനുവദിച്ചിരുന്ന 40,000 കോടി കേന്ദ്രത്തിലേക്കു തിരികെ നല്‍കുന്നതിനു വേണ്ടിയായിരുന്നു ഈ നാടകം. മുഖ്യമന്ത്രിയായി ചുമതലയേറ്റ് 15 മണിക്കൂറിനിടെ ഫഡ്‌നാവിസ് ഈ ഫണ്ട് കേന്ദ്രത്തിനു തിരിച്ചയച്ചു. ഇല്ലെങ്കില്‍ ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നുവെന്നും ഹെഗ്‌ഡെ പറഞ്ഞു. ഉത്തരകന്നഡയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് എന്‍സിപി നേതാവായ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെ ഫഡ്‌നാവിസ് രാജിവച്ചൊഴിഞ്ഞു. തൊട്ടുപിന്നാലെ എന്‍സിപിശിവസേനകോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍