കോഴിക്കോട്ട് ഇനി ഹൈടെക് പഠനം

 കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഉടന്‍ ഹൈടെക് ആകും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതികള്‍ അവസാന ഘട്ടത്തിലെത്തി. കിഫ്ബിയില്‍ നിന്ന് 57.85 കോടി രൂപയാണ് ജില്ലയില്‍ ഹൈടെക് സ്‌കൂള്‍ഹൈടെക് ലാബ് പദ്ധതികള്‍ക്ക് ഇതുവരെ ചെലവഴിച്ചത്. എട്ട് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ക്ലാസ് മുറികളും ഹൈടെക്കാക്കുന്ന പദ്ധതിയില്‍ പൂര്‍ത്തീകരിച്ചു. ഒന്ന് മുതല്‍ ഏഴ് വരെയുള്ള സ്‌കൂളുകളില്‍ ഹൈടെക് ലാബിനുള്ള ഉപകരണങ്ങളും നല്‍കി. 2018 ജനുവരിയിലും 2019 ജൂലായിലും ഉദ്ഘാടനം ചെയ്ത പദ്ധതികളാണ് പൂര്‍ത്തിയാകുന്നത്. ഒരു ഡിവിഷനില്‍ ഏഴ് കുട്ടികളില്‍ താഴെയുണ്ടായിരുന്ന79 സ്‌കൂളുകള്‍ ജില്ലയിലുണ്ടായിരുന്നു. ഇവയ്‌ക്കെല്ലാം ഉപകരണങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. സ്‌കൂള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതുവരെ വിതരണം ചെയ്തത് 12114 ലാപ്‌ടോപ്പുകളും 10256 യു.എസ്.ബി സ്പീക്കറുകളും 6940 പ്രൊജക്ടറുകളും 4199 മൗണ്ടിംഗ് കിറ്റുകളും 2934 സ്‌ക്രീനുകളുമാണ്. ഇതിന് പുറമെ 347 എല്‍.ഇ.ഡി ടെലിവിഷന്‍ 43 , 363 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകള്‍, 360 ഡി.എസ്.എല്‍.ആര്‍ കാമറ, 361 എച്ച്.ഡി വെബ്കാം എന്നിവയും സ്‌കൂളുകളില്‍ വിന്യസിച്ചു കഴിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍