എരഞ്ഞിപ്പാലം മേല്‍പ്പാലം സിആര്‍എഫില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുമെന്ന് എംപിക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

കോഴിക്കോട്: സെന്‍ട്രല്‍ റോഡ് ഫണ്ട് (സിആര്‍എഫ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി എരഞ്ഞിപ്പാലം ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എം.കെ. രാഘവന്‍ എംപിക്ക് ഉറപ്പ് നല്‍കി. ഇതുസംബന്ധിച്ച് എംപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എരഞ്ഞിപ്പാലത്ത് ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നതിന് ദേശീയപാത അഥോറിറ്റി സാധ്യതാപഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 30.71 കോടിയാണ് മേല്‍പാല നിര്‍മ്മാണത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ദേശീയപാതകള്‍ കടന്നുപോകുന്ന എരഞ്ഞിപ്പാലം ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും ഫ്‌ളൈ ഓവര്‍ നിര്‍മാണം വൈകരുതെന്നും എം.കെ. രാഘവന്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ബംഗളൂരു, മൈസൂരു, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള റോഡും കടന്നുപോകുന്നത് എരഞ്ഞിപ്പാലം വഴിയാണ്. അതോടൊപ്പം തന്നെ നഗരത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്ന് പോവുന്നതും ഈ ജംഗ്ഷനിലൂടെയാണെന്നും എം.കെ. രാഘവന്‍ മന്ത്രിയെ ധരിപ്പിച്ചു. രണ്ടുദേശീയ പാതകള്‍ കടന്ന് പോകുന്ന എരഞ്ഞിപ്പാലത്ത് രൂക്ഷമായ ഗതാഗതകുരുക്കാണ് നിലവില്‍ അനുഭവപ്പെടുന്നത്. മേല്‍പ്പാലം നിര്‍മാണത്തിനായി ദേശീയ പാത വിഭാഗം ഇതിനോടകം പദ്ധതി സമര്‍പ്പിച്ചതായും ഇതിനായി എരഞ്ഞിപ്പാലം, തൊണ്ടയാട്, അരയിടത്ത് പാലം എന്നിവിടങ്ങളില്‍ നാറ്റ്പാക് മൂന്ന് പോയിന്റുകള്‍ കണ്ടെത്തിയതായും എം പി വിശദീകരിച്ചു. 30.71 കോടിയാണ് മേല്‍പാല നിര്‍മ്മാണത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്. വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കും ദേശീയപാത ഡിവിഷന്‍ ശിപാര്‍ശകളും കണക്കിലെടുത്താണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. സിആര്‍എഫിന് കീഴിലുള്ള നിര്‍മാണത്തിന് ഡിപിആര്‍ അനുമതി നല്‍കുന്നതിന് എന്‍എച്ച്എഐക്ക് നിര്‍ദേശം നല്‍കാനും മുന്‍കൂട്ടി ഉത്തരവുകള്‍ പുറപ്പെടുവിക്കാനും മന്ത്രിയോട് അഭ്യര്‍ഥിച്ചതായും എം പി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍