ഉത്തരേന്ത്യയില്‍ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഞ്ഞ് തുടരുന്നു

ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഞ്ഞ് തുടരുന്നു. ഉത്തര്‍പ്രദേശില്‍ മൂടല്‍മഞ്ഞില്‍ അകപ്പെട്ട കാര്‍ കനാലിലേക്കു മറിഞ്ഞ് ആറു പേര്‍ മരിച്ചിരുന്നു. കൊടുംതണുപ്പില്‍ മരവിച്ച ഡല്‍ഹിയില്‍ ഇന്നലെ കുറഞ്ഞ താപനില 1.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് കാര്‍ കനാലില്‍ വീണ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചത്. മഹേഷ് (35), കിഷന്‍ലാല്‍ (50), നീരേഷ് (17), റാം ഖിലാഡി (75), മല്ലു (12), നേത്രപാല്‍ (40) എന്നിവരാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഗ്രേറ്റര്‍ നോയിഡയില്‍ ഞായറാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. 11 പേരടങ്ങുന്ന സംഘം യാത്ര ചെയ്ത മാരുതി എര്‍ട്ടിഗയാണ് ഡന്‍കോര്‍ മേഖലയിലെ ഖേര്‍ലി കനാലിലേക്കു മറിഞ്ഞത്.മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള 500 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 21 സര്‍വീസുകള്‍ റദ്ദാക്കിയെന്നും അഞ്ചെണ്ണം വഴിതിരിച്ച് വിട്ടെന്നും അധികൃതര്‍ അറിയിച്ചു. 50 മീറ്റര്‍ 175 മീറ്റര്‍ ആണ് രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെ കാഴ്ചപരിധി. ഈ അന്തരീക്ഷ സ്ഥിതിയില്‍ വിമാനങ്ങളുടെ ലാന്‍ഡിംഗും ടേക്ക് ഓഫും ദുഷ്‌കരമാണ്. കാഴ്ചപരിധി കുറഞ്ഞതിനാല്‍ 30 ട്രെയിനുകള്‍ വൈകി ഓടുകയാണ്. റോഡ് ഗതാഗതവും പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. കനത്ത മഞ്ഞിനൊപ്പം, അന്തരീക്ഷത്തിലെ കാര്‍ബണ്‍ മാലിന്യം അപകടകരമായ നിലയിലേയ്ക്ക് ഉയര്‍ന്നത് ഡല്‍ഹിയെ ശ്വാസംമുട്ടിക്കുകയാണ്.തുടര്‍ച്ചയായ പതിനേഴു ദിവസമായി ഡല്‍ഹിയില്‍ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. 4.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. ചൊവ്വാഴ്ച മുതല്‍ ഡല്‍ഹി ഉള്‍പ്പെടുന്ന മേഖലകളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മഴ കൂടി എത്തിയാല്‍ തണുപ്പിന്റെ കാഠിന്യം ഇനിയും വര്‍ദ്ധിച്ചേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍