ഹൈദരബാദ് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ തെലങ്കാന ഹൈക്കോടതി ഇടപെടുന്നു

 ഹൈദരബാദ്: വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ, ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ച സംഭവത്തില്‍ തെലങ്കാന ഹൈക്കോടതി ഇടപെടുന്നു. പ്രതികളുടെ മൃതദേഹം ഒമ്പതാം തീയതി രാത്രി എട്ടുമണി വരെ സംസ്‌കരിയ്ക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് കേസിലെ നാല് പ്രതികളും പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. വിവിധ സംഘടനകളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒമ്പത് പേര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കേസില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും. പ്രതികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതികളുടെ മരണം പൊലീസ് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, ഹര്‍ജി കോടതിയിലെത്തിയത്. ഹൈദരബാദിന് സമീപത്തെ ചദന്‍ പള്ളിയിലാണ്, ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം, പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ചത്. കേസില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍ ആരിഫ് ഖാന്‍, ക്ലീനര്‍മാരായ ശിവ, നവീന്‍, ചന്ന കേശവുലു എന്നിവരാണ് പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ചത്. തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍, പ്രതികളില്‍ രണ്ടു പേര്‍ പൊലീസുകാരെ ആക്രമിച്ച്, തോക്ക് കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയായിരുന്നുവെന്നും ഇവരുടെ ആക്രമണത്തെ പ്രതിരോധിയ്ക്കാനായിരുന്നു വെടിയുതിര്‍ത്തത് എന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍