പ്രതിഷേധപ്പറക്കലുമായി ആദ്യ വിമാന യാത്രാസംഘം

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ആദ്യ വിമാനത്തില്‍ യാത്രചെയ്തവരുടെ പ്രതിഷേധപ്പറക്കല്‍. വിദേശ വിമാനങ്ങള്‍ക്കു സര്‍വീസിന് അനുമതി നല്‍കണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണു വിമാനത്താവളത്തിലെ ആദ്യ സര്‍വീസായിരുന്ന കണ്ണൂര്‍അബുദാബി റൂട്ടില്‍ വിമാനയാത്ര നടത്തിയത്. 110 യാത്രക്കാരാണ് ആവശ്യങ്ങള്‍ രേഖപ്പെടുത്തിയ പ്രത്യേക ബാഡ്ജും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളുമണിഞ്ഞു യാത്രയില്‍ അണിചേര്‍ന്നത്. ആദ്യ യാത്രാ സംഘത്തിന്റെ വാട്ട്‌സാപ്പ് കൂട്ടായ്മയായ ' ഹിസ്റ്റോറിക്കല്‍ ഫ്‌ളൈറ്റ് ജേര്‍ണി' യുടെ നേതൃത്വത്തിലാണു യാത്ര സംഘടിപ്പിച്ചത്. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ വച്ചു കിയാല്‍ എംഡി വി.തുളസീദാസ് യാത്രക്കാര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.കൂട്ടായ്മയുടെ ചെയര്‍മാന്‍ സി.ജയചന്ദ്രന്‍, ടി.വി. മധുകൂമാര്‍ തുടങ്ങിയവര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തിരുന്നു. വിമാനത്താവളത്തിന്റെ വികസനത്തിനായി വിവിധ ആവശ്യങ്ങളുന്നയിച്ചു ദുബായിലും ആദ്യയാത്രാസംഘത്തിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ നടത്തുന്നുണ്ട്. യാത്രയ്ക്കു മുമ്പായി മട്ടന്നൂര്‍ മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും മറ്റു കലാപരിപാടികളും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍