ഹീറോയായി വീണ്ടും സജ്ജനാര്‍, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് ഏറ്റുമുട്ടലിലൂടെ വധിച്ചത് വി.സി സജ്ജനാര്‍ ഐ.പി.എസിന്റെ അധികാരപരിധിയില്‍. സജ്ജനാറിന്റെ കീഴില്‍ നടക്കുന്ന രണ്ടാം ഏറ്റുമുട്ടല്‍ കൊലപാതകമാണിത്. 2008ല്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നപ്പോള്‍ വാറങ്കല്‍ എസ്.പിയായിരുന്നു സജ്ജനാര്‍. അന്ന് ആസിഡ് ദേഹത്ത് വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചിരുന്നു. ആസിഡ് ഒഴിച്ച കേസില്‍ അന്ന് അറസ്റ്റിലായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരാണ് അന്നത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവരാണ് പെണ്‍കുട്ടികളുടെ ദേഹത്ത് ആസിഡ് ഒഴിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. ഇവരെ ഏറ്റുമുട്ടലിലൂടെ വധിച്ചതിനെ തുടര്‍ന്ന് സജ്ജനാര്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവുനൂരില്‍ എത്തിയപ്പോള്‍ പെലീസ് പാര്‍ട്ടിക്കു നേരെ ഇവര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം. അറസ്റ്റ് ചെയ്ത യുവാക്കള്‍ക്കൊപ്പം ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. സൗപര്‍ണിക എന്ന പെണ്‍കുട്ടിയോട് പ്രധാന പ്രതിയെന്നു കരുതുന്ന സഞ്ജയ് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തടുര്‍ന്ന് ഈ കുട്ടിയുടെയും കൂട്ടുകാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. അന്നത്തെ സംഭവത്തെ തുടര്‍ന്ന് വാറങ്കലില്‍ ഹീറോ പരിവേഷമായിരുന്നു സജ്ജനാര്‍ക്ക് ലഭിച്ചത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ ഇദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ സജ്ജനാറിന് മാലയിട്ട് സ്വീകരണം വരെ നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍