എല്ലാ പരമ്പരയിലും ഒരു പകല്‍ രാത്രി ടെസ്റ്റ് വേണമെന്ന് ഗാംഗുലി

കൊല്‍ക്കത്ത:കാണികളുടെ പങ്കാളിത്തം കൊണ്ട് വന്‍ വിജയമായ കൊല്‍ക്കത്തയിലെ ആദ്യ പകല്‍ രാത്രി ടെസ്റ്റിന്റെ അനുഭവത്തില്‍ കൂടുതല്‍ പകല്‍ രാത്രി ടെസ്റ്റുകള്‍ ഇന്ത്യ കളിച്ചേക്കും. ഇന്ത്യയുടെ ആദ്യ പകല്‍ രാത്രി ടെസ്റ്റിന് ചുക്കാന്‍ പിടിച്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെയാണ് പകല്‍ രാത്രി ടെസ്റ്റുകള്‍ വ്യാപിപ്പിക്കുന്നതിനും ശ്രമിക്കുന്നത്. ഓരോ ടെസ്റ്റ് പരമ്പരയിലും കുറഞ്ഞത് ഒരു പകല്‍ രാത്രി ടെസ്റ്റെങ്കിലും വേണമെന്നാണ് ഗാംഗുലിയുടെ നിലപാട്. എല്ലാ പരമ്പരയിലും ഒരു പകല്‍ രാത്രി ടെസ്റ്റ് വേണമെന്ന് ഗാംഗുലിഅരലക്ഷത്തോളം പേരാണ് ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ചരിത്രപരമായ പിങ്ക് ബോള്‍ പകല്‍ രാത്രി ടെസ്റ്റ് കാണാനെത്തിയത്. പകല്‍ രാത്രി മത്സരങ്ങള്‍ ടെസ്റ്റുകളുടെ ജനപ്രീതി വര്‍ധിപ്പിക്കുമെന്ന വാദത്തിന് കരുത്തു പകരുന്നതായിരുന്നു കൊല്‍ക്കത്ത ടെസ്റ്റിന്റെ വിജയം. പകല്‍ രാത്രി ടെസ്റ്റുകളെ മറ്റു രാജ്യങ്ങള്‍ സ്വീകരിച്ചപ്പോഴും ഇന്ത്യയും ബി.സി.സി.ഐയും എതിര്‍പ്പ് തുടരുകയായിരുന്നു. പിന്നീട് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായതോടെയാണ് ഇന്ത്യ ആദ്യ പകല്‍ രാത്രി ടെസ്റ്റ് കളിക്കാന്‍ കളമൊരുങ്ങിയത്. എല്ലാ ടെസ്റ്റും പകല്‍ രാത്രിയാക്കുന്നതിനോട് എതിര്‍പ്പുണ്ടെങ്കിലും പരമ്പരയിലെ ഒരു ടെസ്റ്റ് പകല്‍ രാത്രിയാക്കുന്നതിനോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും എതിര്‍പ്പുണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ കൂടുതല്‍ പകല്‍ രാത്രി ടെസ്റ്റുകള്‍ക്ക് സാധ്യത കൂടുകയാണ്.'കൊല്‍ക്കത്ത ടെസ്റ്റിന്റെ വിജയത്തോടെ ഇതാണ് വഴിയെന്നാണ് തോന്നുന്നത്. എല്ലാ ടെസ്റ്റുമല്ല മറിച്ച് പരമ്പരയിലെ ഒരു ടെസ്റ്റെങ്കിലും പകല്‍ രാത്രിയായി നടത്തണം' ഗാംഗുലി പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ പകല്‍ രാത്രി ടെസ്റ്റിന് മുമ്പ് വലിയ തോതില്‍ പ്രചാരം ബി.സി.സി.ഐ നല്‍കിയിരുന്നു. ഇന്ത്യയിലെ ടെസ്റ്റുകളുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് ഈഡന്‍ഗാര്‍ഡനില്‍ ബംഗ്ലാദേശിനെതിരായ ചരിത്ര ടെസ്റ്റ് കാണാനെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍