വൈദ്യുതി രംഗത്ത് മുന്നേറ്റം കൈവരിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം: മന്ത്രി എം.എം മണി

അടൂര്‍: വൈദ്യുതി രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത മുന്നേറ്റം കൈവരിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. ഏനാത്ത് കുര്യാക്കോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ.എസ്.ഇ.ബി 66 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിന് നല്‍കിയ പ്രധാന വാഗ്ദാനങ്ങളായിരുന്നു സമ്പൂര്‍ണ വൈദ്യുതവത്കരണം, ലോഡ് ഷെഡിംഗ് നിര്‍ത്തലാക്കുക എന്നിവ. ഇക്കാലയളവില്‍ ഇവ പാലിച്ചിട്ടുണ്ടെന്നും ഓഖി, പ്രളയം പോലുള്ള കടുത്ത പ്രതിസന്ധികളില്‍ വൈദ്യുതി മേഖല തകരുന്ന അവസ്ഥയിലെത്തിയിട്ടും ഉദ്യോഗസ്ഥരുടെ കഠിനാധ്വാനവും ആത്മാര്‍ത്ഥതയുമാണ് വൈദ്യുതി ബോര്‍ഡിനെ പുനരുജ്ജീവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ഉപയോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി ആവശ്യാനുസരണം തടസം കൂടാതെ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വൈദ്യുതി ഉത്പാദന വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി പ്രസരണ രംഗത്ത് കൂടുതല്‍ സബ് സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കുവാന്‍ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായാണ് ഏനാത്ത് 110 കെ.വി നിലവാരത്തില്‍ 66 കെ.വി സബ് സ്റ്റേഷന്‍ നിലവില്‍ വന്നത്. അടൂര്‍ സബ് സ്റ്റേഷനില്‍ നിന്നും ഏനാത്ത് സബ് സ്റ്റേഷനിലേക്ക് 11.044 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച 110 കെ.വി നിലവാരത്തിലുള്ള 66 കെ.വി ലൈനും 10 എം.വി.എശേഷിയുള്ള രണ്ട് 66/11 കെ.വി ട്രാന്‍സ്‌ഫോര്‍മറുകളും ആറ് അനുബന്ധ 11 കെ.വി ഫീഡറുകളും അടങ്ങുന്നതാണ് ഏനാത്ത് സബ്‌സ്‌റ്റേഷന്‍. ഈ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ഏനാത്ത്, വയല, വടക്കടത്തുകാവ്, മണ്ണടി, കുളക്കട, പട്ടാഴി എന്നീ പ്രദേശങ്ങളിലെ ഇരുപത്തി അയ്യായിരത്തിലധികം ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭ്യമാകുകയും വൈദ്യുതി തടസങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുകയും ചെയ്യും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ സൗത്ത് ചീഫ് എഞ്ചിനീയര്‍ ആര്‍.സുകു പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ലത, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബി.സതികുമാരി, ഏഴംകുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജോബോയ് ജോസഫ്, സരസ്വതി ഗോപി, എ.താജുദ്ദീന്‍, എന്‍.സുജാത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി ജയന്‍, പഴകുളം മധു, വര്‍ഗീസ് പേരയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍