ഇന്ധനവില ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യത

 കൊച്ചി: സാധാരണക്കാരന്റെ ബഡ്ജറ്റ് താളംതെറ്റിക്കാന്‍ ഇന്ധനവിലയും വൈകാതെ കുതിച്ചുയര്‍ന്നേക്കും. ഉത്പാദനം കൂടുതല്‍ വെട്ടിക്കുറയ്ക്കാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരുടെ യോഗം തീരുമാനിച്ച പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില വരും ദിവസങ്ങളില്‍ കൂടുമെന്ന് ഉറപ്പായിട്ടുണ്ട്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷന്‍ ഒഫ് ദ പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്), റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര എണ്ണ ഉത്പാദക രാജ്യങ്ങള്‍ എന്നിവയുടെ പെട്രോളിയം മന്ത്രിമാരാണ് കഴിഞ്ഞ ദിവസം വിയന്നയില്‍ യോഗം ചേര്‍ന്നത്. ക്രൂഡോയില്‍ വിലയിടിവ് തടയാനും വിലസ്ഥിരത ഉറപ്പാക്കാനുമായി നിലവില്‍ പ്രതിദിന ഉത്പാദനത്തില്‍ 12 ലക്ഷം ബാരലിന്റെ കുറവ് ഉത്പാദക രാജ്യങ്ങള്‍ വരുത്തിയിട്ടുണ്ട്. 2020ന്റെ ആദ്യ മൂന്നു മാസക്കാലയളവ് മുതല്‍ ഇത് 16 ലക്ഷം ബാരലിലേക്ക് ഉയര്‍ത്താനാണ് തീരുമാനം. ഇത്, വിപണിയിലേക്കുള്ള എണ്ണ വിതരണം കുറയ്ക്കുമെന്നതിനാല്‍ വില കുത്തനെ കൂടാനിടയാക്കും. ഉത്പാദനം കുറച്ച്, വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് ഒപെക്കും ഒപെക് ഇതര രാഷ്ട്രങ്ങളും നടത്തുന്നത്. ഏറ്റവും വലിയ ക്രൂഡോയില്‍ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ചൈനയില്‍ വ്യാവസായിക ഉത്പാദനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്, ഇന്ധന ഡിമാന്‍ഡ് ഉയര്‍ന്നതും വില വര്‍ദ്ധനയ്ക്ക് കളമൊരുക്കിയിട്ടുണ്ട്. ക്രൂഡോയില്‍ (യു.എസ്. ക്രൂഡ്) വില ബാരലിന് ഇപ്പോള്‍ 59.20 ഡോളറാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 64.39 ഡോളറും. ഒരാഴ്ചയ്ക്കിടെ രണ്ടിനങ്ങള്‍ക്കും അഞ്ചുഡോളറോളം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 2020 മുതലാണ് ഉത്പാദനം കൂടുതല്‍ വെട്ടിക്കുറയ്ക്കുന്നതെങ്കിലും തീരുമാനത്തിന്റെ പ്രതിഫലനം ഇപ്പോള്‍ വിപണിയില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യം മാത്രം ക്രൂഡ് വില ബാരലിന് 1.32 ശതമാനവും ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.58 ശതമാനവുമാണ് ഉയര്‍ന്നത്. എണ്ണ വിലക്കുതിപ്പ് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളെയാണ് സാരമായി ബാധിക്കുക. നവംബറില്‍ പ്രതിദിനം 29.57 മില്യണ്‍ ബാരലുകളാണ് ഒപെക് രാഷ്ട്രങ്ങള്‍ വിപണിയില്‍ എത്തിച്ചത്. ഒക്‌ടോബറിനേക്കാള്‍ 1.10 ബാരലുകള്‍ കുറവാണിത്.ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയാണ് ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ബഡ്ജറ്റില്‍ ലക്ഷ്യമിട്ട വരുമാനം വര്‍ദ്ധിപ്പിക്കുക, ദേശീയ എണ്ണക്കമ്ബനിയായ സൗദി ആരാംകോയുടെ ഓഹരികള്‍ക്ക് മികച്ച സ്വീകാര്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഉത്പാദനം കുറച്ച് ക്രൂഡ് വില ഉയര്‍ത്തുന്നതിലൂടെ സൗദിയുടെ ലക്ഷ്യം. സൗദി ആരാംകോയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍