ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന; കെഎസ്ആര്‍ടിസിയുടെ വരുമാനത്തിലും

 കോട്ടയം: ശബരിമല തീര്‍ഥാടകരുടെ എണ്ണത്തിനൊപ്പം വരുമാനവും ഉയര്‍ന്നു. കെഎസ്ആര്‍ടിസിക്കു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ അരക്കോടിയുടെ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം മണ്ഡല സീസണ്‍ അവസാനിക്കാറായപ്പോഴേക്കും 1.10 കോടി രൂപയായിരുന്നു കോട്ടയം ഡിപ്പോയുടെ വരുമാനമെങ്കില്‍ ഇത്തവണ 1.60 കോടി രൂപയായി ഉയര്‍ന്നു. അരക്കോടി രൂപയുടെ വര്‍ധനവാണുള്ളത്. 60 സര്‍വീസുകളാണ് ഒരു ദിവസം കോട്ടയത്തുനിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. മകരവിളക്കു സീസണില്‍ കൂടുതല്‍ ബസുകള്‍ ഓപ്പറേറ്റ് ചെയ്യാനാണു തീരുമാനം. 10 ബസ് കൂടി അധികമായി ഡിപ്പോയ്ക്കു ലഭിച്ചേക്കും. നൂറു സര്‍വീസുകള്‍ നടത്തിയ ദിവസങ്ങളുമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണു സര്‍വീസ് 100 വരെയായി ഉയര്‍ന്നത്. സമരങ്ങളെ തുടര്‍ന്നു കഴിഞ്ഞവര്‍ഷം അയ്യപ്പഭക്തരുടെ വരവ് കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം വരെ കോട്ടയത്തുനിന്നും കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത് 1.19 ലക്ഷം അയ്യപ്പന്‍മാരായിരുന്നുവെങ്കില്‍ ഇത്തവണ 10.80 ലക്ഷം അയ്യപ്പന്‍മാര്‍ കെഎസ്ആര്‍ടിസി വഴി സന്നിധാനത്ത് എത്തി. ഇവരില്‍ നാല്‍പ്പതു ശതമാനത്തിനു മുകളിലുള്ളവരും ഇതര സംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തരാണ്. നവംബര്‍ 17 മുതലാണു കോട്ടയം ഡിപ്പോയില്‍നിന്നും മണ്ഡലകാല സര്‍വീസുകള്‍ ആരംഭിച്ചത്. 35 ബസുകളാണ് ആദ്യഘട്ടത്തില്‍ ഡിപ്പോയ്ക്കായി അനുവദിച്ചത്. കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്നു ഡിപ്പോ അധികൃതര്‍ വ്യക്തമാക്കിയെങ്കിലും കൂടുതല്‍ ബസുകള്‍ ലഭിച്ചില്ല. മണ്ഡലകാലം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇതുവരെയും കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചിട്ടില്ല. പല ദിവസങ്ങളിലും തിരക്കേറുമ്പോള്‍ ഇതര സര്‍വീസുകള്‍ പിന്‍വലിച്ചു സര്‍വീസ് ഓപ്പറേറ്റ് ചെയ്യുകയായിരുന്നു. ചില ദിവസങ്ങളില്‍ ആവശ്യത്തിനു ബസ് ഇല്ലാതിരുന്നതു പ്രതിഷേധത്തിനു ഇടയാക്കി. 60 മുതല്‍ 75 സര്‍വീസുകള്‍ വരെയാണു കോട്ടയത്തുനിന്നും പന്പ സ്‌പെഷല്‍ എന്ന പേരില്‍ ഓപ്പറേറ്റ് ചെയ്യുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സര്‍വീസുകള്‍ കൂടുതല്‍ അയയ്ക്കുന്നത്. അഞ്ചു മുതല്‍ ഏഴു ബസുകള്‍ വരെ ഇവിടെ പാര്‍ക്കു ചെയ്ത്, താല്‍കാലിക ഓപ്പറേഷന്‍ കേന്ദ്രം വഴിയാണു സര്‍വീസ് നടത്തുന്നത്. പ്രത്യേകം ജീവനക്കാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. മകരവിളക്കു സമയത്ത് ഇതരസംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ഭക്തര്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍