നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് മരണമണി മുഴങ്ങി..! തൂക്കുകയര്‍ തയാറാക്കാന്‍ നിര്‍ദേശം

 ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തയാറെടുപ്പുകള്‍ തുടങ്ങിയതായി സൂചന. പ്രതികളെ അടുത്തയാഴ്ച തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി 10 തൂക്കുകയറുകള്‍ തയാറാക്കാന്‍ ബിഹാറിലെ ബുക്‌സാര്‍ ജില്ലാ ജയിലിന് നിര്‍ദേശം നല്‍കി. ഈ ആഴ്ച അവസാനത്തോടെ തൂക്കുകയര്‍ തയാറാക്കി നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൂക്കുകയറുകള്‍ നിര്‍മിക്കുന്നതിന് പേരുകേട്ട ജയിലാണ് ബുക്‌സാറിലേത്. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ കയര്‍ നിര്‍മിച്ചത് ഇവിടെനിന്നുമാണ്. കേസില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന നാല് പ്രതികള്‍ തിഹാര്‍ ജയിലിലാണുള്ളത്. വധശിക്ഷയ്‌ക്കെതിരേ നല്‍കിയ ദയാഹര്‍ജി പിന്‍വലിക്കുന്നതായി കേസിലെ പ്രതി വിനയ് ശര്‍മ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.അതിനിടെ തിഹാര്‍ ജയിലില്‍ ആരാച്ചാരായി സേവനമനുഷ്ഠിക്കാന്‍ തയ്യാറാണെന്ന് കാട്ടി ജയില്‍ ഡി.ജി.പിക്ക് കത്തയച്ച് ഒരു പൊലീസുകാരന്‍. തമിഴ്‌നാട്ടിലെ പൊലീസ് പരിശീലന കേന്ദ്രത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എസ്. സുബാഷ് ശ്രീനിവാസനാണ് ആരാച്ചാരാകാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലില്‍ നിര്‍ഭയ കേസ് തടവുകാരെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഹെഡ് കോണ്‍സ്റ്റബിളായ സുബാഷ് ആരാച്ചാരുടെ ജോലി ചെയ്യാന്‍ സന്നദ്ധനായി രംഗത്തുവന്നത്. ന്യൂഡല്‍ഹിയിലെ തിഹാര്‍ ജയിലിന്റെ ഡയറക്ടര്‍ ജനറലിനെ അഭിസംബോധന ചെയ്ത് അയച്ച കത്തിലാണ് പൊലീസ് പരിശീലന കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന സുബാഷ് ആരാച്ചാരാകാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. തനിക്ക് പ്രതിഫലം വേണ്ടെന്നും സുബാഷ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരാച്ചാരുടെ ജോലി പൂര്‍ണ ഉത്തരവാദിത്തത്തോടെ താന്‍ ചെയ്യുമെന്നും അതുകൊണ്ട് തന്നെ ആരാച്ചാരുടെ ജോലിചെയ്യാന്‍ അനുവദിക്കണമെന്നും സുബാഷ് കത്തില്‍ പറയുന്നു. 1997 ബാച്ചിലെ പൊലീസ് കോണ്‍സ്റ്റബിളാണ് സുബാഷ് ശ്രീനിവാസന്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരില്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരാച്ചാരായി സേവനമനുഷ്ഠിക്കാന്‍ താന്‍ തയ്യാറായതെന്നും സുബാഷ് പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യം ചെയ്ത, വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ആരാച്ചാരില്ലെന്ന കാരണത്താല്‍ നടപ്പാക്കാതിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചുമതലകള്‍ നിറവേറ്റുന്നതിനു പുറമേ, 1997 ല്‍ പൊലീസ് സേനയില്‍ ചേര്‍ന്നതുമുതല്‍ ശ്രീനിവാസന്‍ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ദേവിപട്ടണം ട്രാഫിക് വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ സുബാഷ് വേനല്‍ക്കാലത്ത് കുടിവെള്ളം വിതരണം ചെയ്യുകയും അജ്ഞാത മൃതദേഹങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍