പാലക്കാട് ജില്ലയിലെ കാറ്റ്: രോഗപ്രതിരോധത്തിന് മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം

 പാലക്കാട്: ജില്ലയില്‍ വീശിയടിക്കുന്ന കാറ്റിനെ തുടര്‍ന്ന് വിവിധ തരത്തിലുള്ള അലര്‍ജി രോഗങ്ങളും വരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതലുകളെടുക്കണമെന്ന് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഡെര്‍മറ്റോളജി വിഭാഗം അസി. പ്രഫ. മഞ്ജു, ജില്ലാ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഷിബു എന്നിവര്‍ അറിയിച്ചു. കാറ്റും പൊടിയും നിറഞ്ഞ കാലാവസ്ഥയെ തുടര്‍ന്ന് ശ്വാസകോശ രോഗങ്ങള്‍, തൊലിപ്പുറത്തെ വരള്‍ച്ച, ചുണ്ട്, കാലുകളിലെ വിള്ളല്‍, പ്രത്യേകിച്ച് ഉപ്പൂറ്റിയിലെ വിള്ളല്‍ എന്നിവ വരാനുള്ള സാധ്യത കൂടുതലായതിനാല്‍ താഴെ പറയുന്ന മുന്‍കരുതലുകളെടുക്കണം. രാവിലെ പത്തിന് ശേഷവും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ പുറത്തിറങ്ങി നടക്കുന്നത് കഴിവതും ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ കുട, കണ്ണട നിര്‍ബന്ധമായും കരുതണം. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മറ്റ് പോലെ തന്നെ പ്രാധാന്യത്തോടെ കൈയില്‍ ഗ്ലൗസ് ധരിക്കുക. പരമാവധി മൃദുവായ സോപ്പുകള്‍, ജലാംശമുള്ള ക്രീമുകള്‍ ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ തലയില്‍ തൊപ്പി ധരിച്ചതിന് ശേഷം മാത്രം ജോലി ചെയ്യുക. ശ്വാസകോശ അലര്‍ജി സംബന്ധമായ രോഗങ്ങളുള്ളവര്‍ കഴിവതും പൊടി അടിക്കുന്ന സാഹചര്യങ്ങളില്‍ നിന്നും മാറിനില്‍ക്കുകയും പുറത്തിറങ്ങുന്‌പോള്‍ മാസ്‌ക് ധരിക്കാനും ശ്രദ്ധിക്കണം. നല്ലെണ്ണയോ തേങ്ങ വെന്ത വെളിച്ചെണ്ണയോ തേച്ചുള്ള കുളി, ചുണ്ടുകളിലെ വിള്ളലിന് പശുവിന്‍ നെയ്യ് പുരട്ടല്‍, കാലിലെ വിള്ളലിന് രസോത്തമാദി ലേപം പുരട്ടല്‍ തുടങ്ങിയവയാണ് അലര്‍ജിക്ക് ആയുര്‍വേദ പ്രതിവിധിയായി പറയുന്നത്. ചുക്കും മല്ലിയും തുളസിയുമിട്ട് തിളപ്പിച്ച വെള്ളം ധാരാളം കുടിക്കുന്നതും നിര്‍ജ്ജലീകരണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ജില്ലാ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍