പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

ചെന്നൈ:പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. ബില്ലിനെതിരെ കടുത്ത വിമര്‍ശനമാണ് കമല്‍ഹാസന്‍ ഉയര്‍ത്തുന്നത്. ശ്രീലങ്കന്‍ തമിഴരേയും മുസ്‌ലിംകളെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും കമല്‍ഹാസന്‍ ചോദിച്ചു. ഈ ബില്‍ ആത്മാര്‍ത്ഥമായുള്ളതാണെങ്കില്‍, മതം നോക്കാതെ വിവേചനം നേരിടുന്ന എല്ലാ വിഭാഗങ്ങളെയും അതില്‍ ഉള്‍പ്പെടുത്തുമായിരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.'വംശഹത്യയ്ക്ക് വിധേയരായ ശ്രീലങ്കന്‍ തമിഴരെയും കടുത്ത വിവേചനം നേരിടുന്ന മുസ്‌ലിംകളെയും ബില്ലില്‍ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ട് ഇത് ശരിക്കും ആത്മാര്‍ത്ഥതയുള്ള ബില്ലായിരുന്നുവെങ്കില്‍, വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള അഭ്യാസമല്ലായിരുന്നുവെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഒറ്റപ്പെട്ടുപോയ ശ്രീലങ്കന്‍ തമിഴരെയും മുസ്‌ലിംകളെയും ഇതില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്തത്'' കമല്‍ ചോദിക്കുന്നു. 30 വര്‍ഷത്തിലധികമായി രാജ്യത്ത് താമസിക്കുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കറും ഗാനരചയിതാവ് വൈരമുത്തും കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.പൗരത്വ ഭേദഗതി ബില്‍ തിങ്കളാഴ്ചയാണ് ലോക്‌സഭയില്‍ പാസാക്കിയത്. ഇന്ന് കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. ലോക്‌സഭയില്‍ ബില്ലിന് അനുകൂലമായി 311 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 80 പേര്‍ മാത്രമാണ് എതിര്‍ത്തത്. പക്ഷേ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ സഹായമില്ലാതെ ബില്‍ പാസാക്കാന്‍ കഴിയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍