ഭരണം ദുര്‍ബലമാകുമ്പോള്‍ പട്ടാളം അധികാരം പിടിച്ചെടുക്കും: കെ. മുരളീധരന്‍

 വടകര: ഭരണാധികാരം ദുര്‍ബലമാകുമ്പോള്‍ പട്ടാളം അധികാരം പിടിച്ചെടുക്കുമെന്ന് കെ. മുരളീധരന്‍ എംപി. പാക്കിസ്ഥാനിലെ അവസ്ഥ അതാണ് കാലങ്ങളായി നാം കാണുന്നത്. ഇപ്പോള്‍ ഇന്ത്യയിലും സര്‍ക്കാര്‍ ദുര്‍ബലപ്പെട്ടു എന്നുകണ്ടപ്പോഴാണ് പട്ടാളമേധാവി പ്രസ്താവന നടത്തിയത്. ഇത് അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നതെന്നു മുരളീധരന്‍ പറഞ്ഞു. പൗരത്വ ദേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ രാജ്യം വെട്ടിമുറിക്കുന്ന നയമാണ് ഇപ്പോള്‍ മോദിയും അമിത്ഷായും നടത്തുന്നത്. മുസ്ലിങ്ങളെയയും മറ്റ് മതവിഭാഗങ്ങളെയും മാത്രമല്ല ഇനി സവര്‍ണരല്ലാത്ത എല്ലാവരെയും രാജ്യത്തിന് അനഭിമതരാക്കുകയാണ് ഹിന്ദുത്വ ഫാസിസത്തിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. എംസി വടകര അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ, പി. സുരേന്ദ്രന്‍, ഉമ്മര്‍ പാണ്ടികശാല, പി. കുല്‍സു, സി.കെ. മൊയ്തു, അബ്ദുറഹിമാന്‍ രണ്ടത്താണി, സൂപ്പി നരിക്കാട്ടേരി, എന്‍.പി. അബ്ദുല്ല ഹാജി, പി.എം. മുസ്തഫ, പി. സഫിയ, അഫ്‌നാസ് ചോറോട് എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍